‘ആദിപുരുഷി’ന്റെ 10,000 ടിക്കറ്റുകള്‍ സൗജന്യമായി നല്‍കാന്‍ ‘കശ്‍മീര്‍ ഫയല്‍സ്’ നിര്‍മ്മാതാവ്

പ്രഭാസ് നായകനാവുന്ന ആദിപുരുഷ് തിയേറ്ററുകളിലെത്താൻ ദിവസങ്ങൾ മാത്രമാണ് ബാക്കി. ഈ സാഹചര്യത്തിൽ ദ കശ്മീർ ഫയൽസ്, കാർത്തികേയ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ അഭിഷേക് അ​ഗർവാൾ നൽകിയ വാ​ഗ്ദാനം വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. ആദിപുരുഷിന്റെ 10,000 സൗജന്യ ടിക്കറ്റുകൾ താൻ നൽകുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്

തെലങ്കാനയിലെ സർക്കാർ സ്കൂളുകൾ, ഓർഫനേജുകൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിലേക്കാകും അഭിഷേക് അ​ഗർവാൾ ആദിപുരുഷിന്റെ സൗജന്യ ടിക്കറ്റുകൾ നൽകുക. ഇതിനായുള്ള ​ഗൂ​ഗിൾ ഫോം ലിങ്കും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. വ്യാഴാഴ്ച ട്വിറ്ററിലൂടെയാണ് അഭിഷേക് ഇക്കാര്യം അറിയിച്ചത്. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ചിത്രമാണ് ആദിപുരുഷ്. ഇത് ഓരോരുത്തരും ആഘോഷിക്കേണ്ടിയിരിക്കുന്നെന്നും ശ്രീരാമനോടുള്ള ഭക്തിയാണ് തന്നെ ഇതുചെയ്യാൻ പ്രേരിപ്പിച്ചതെന്നും അ​ഗർവാൾ കൂട്ടിച്ചേർത്തു.

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ആദിപുരുഷ്. പ്രഭാസ് രാമനാകുന്ന ചിത്രത്തിൽ രാവണനായി വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാൻ ആണ്. കൃതി സനോൺ സീതയായെത്തുന്നു. സണ്ണി സിം​ഗ് നിജ്ജർ ലക്ഷ്മണനായും ദേവദത്ത് നാ​​ഗ് ഹനുമാനായും വേഷമിട്ടിരിക്കുന്നു. അജയ്-അതുൽ ആണ് സം​ഗീത സംവിധാനം.

ഓം റൗട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ടി-സീരിസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം നിർമാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രീഡി ചിത്രം. ജൂൺ 16-നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Top