Kashmir fear after mob drowns policeman

ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ മുസാഫര്‍ വാനിയുടെ വധത്തെ തുടര്‍ന്ന് കശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം രൂക്ഷമാകുന്നു. ഞായറാഴ്ച ഒരു പൊലീസുകാരനുള്‍പ്പെടെ ആറുപേര്‍ കൂടി കൊല്ലപ്പെട്ടതോടെ മരണസംഖ്യ 21 ആയി.

അനന്തനാഗ് ജില്ലയില്‍ അക്രമസക്തരായ ജനക്കൂട്ടം പൊലീസ് വാന്‍ തള്ളി ഝലം നദിയില്‍ ഇട്ടതിനെ തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന പോലീസ് ഡ്രൈവര്‍ ഫിറോസ് അഹമ്മദാണ് കൊല്ലപ്പെട്ടത്. 15 പേര്‍ സുരക്ഷാസേനയുടെ വെടിയേറ്റും മറ്റുള്ളവര്‍ സംഘര്‍ഷത്തിനിടെയുണ്ടായ അപകടത്തിലുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. വെള്ളിയാഴ്ച തുടങ്ങിയ സംഘര്‍ഷത്തില്‍ പൊലീസുകാരും സൈനികരുമുള്‍പ്പെടെ 200 പേര്‍ക്ക് പരുക്കേറ്റു.

തിങ്കളാഴ്ചയും ബന്ദിന് വിഘടനവാദി സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. വിഘടനവാദി നേതാക്കളായ അലിഷാ ഗീലാനിയും മിര്‍വായിസ് ഉമര്‍ ഫാറൂഖും വീട്ടുതടങ്കലിലും യാസീന്‍ മാലിക് കരുതല്‍ തടങ്കലിലുമാണ്. കശ്മീരില്‍ കനത്ത സുരക്ഷാ സന്നാഹങ്ങള്‍ തുടരുകയാണ്. പ്രധാനമായും തെക്കന്‍ കശ്മീരിലെ പല്‍വാമ, അനന്ത്‌നാഗ്, കുല്‍ഗാം ജില്ലകളിലാണ് പ്രക്ഷോഭം രൂക്ഷം. നിരോധനാജ്ഞയുടെ പശ്ചാത്തലത്തില്‍ ഇവിടങ്ങളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സര്‍വീസുകള്‍ക്ക് നിരോധനം തുടരുകയാണ്.

മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം സംഭവങ്ങളില്‍ അതീവ ആശങ്ക രേഖപ്പെടുത്തി. സുരക്ഷാസേനയുടെ ഇടപെടലില്‍ ഏതെങ്കിലും തരത്തില്‍ ക്രമക്കേടുണ്ടായിട്ടുണെങ്കില്‍ അന്വേഷിക്കുമെന്നും നാട്ടുകാര്‍ ഒരുകാരണവശാലും അക്രമികളുടെ ഉപകരണങ്ങളാകരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടു.

സംസ്ഥാനത്തു സമാധാനം പുനഃസ്ഥാപിക്കാന്‍ സഹകരിക്കണമെന്ന് ഹുറിയത്ത് കോണ്‍ഫറന്‍സ് ഉള്‍പ്പെടെ വിഘടനവാദ സംഘടനകളോടും നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ മുഖ്യധാരാ പാര്‍ട്ടികളോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കശ്മീരിലെ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ ഫോണില്‍ വിളിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

കര്‍ഫ്യൂ നിലനില്‍ക്കെയുണ്ടായ ആക്രമണത്തില്‍ സുരക്ഷാ സേനയുടെ വെടിയേറ്റു ശ്രീനഗറില്‍ ഇന്നലെ യുവാവ് കൊല്ലപ്പെട്ടു. കലാപം തുടങ്ങിയ ശേഷം തലസ്ഥാനനഗരത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണമാണിത്.

നിരവധി പൊലീസ് പോസ്റ്റുകള്‍ രണ്ടുദിവസങ്ങളിലായി അക്രമികള്‍ അഗ്‌നിക്കിരയാക്കി. ഷോപ്പിയാനില്‍ പൊലീസ് എസ്പിയുടെ വാഹനത്തിനു നേരെ ഗ്രനോഡ് എറിഞ്ഞശേഷം തീയിട്ടു. ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ശനിയാഴ്ചയാണ് കശ്മീരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇയാളുടെ അനുയായികള്‍ അക്രമാസക്തരായതോടെ സുരക്ഷാസേന വെടിവയ്ക്കുകയായിരുന്നു.

Top