കശ്മീര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ മറികടന്ന് ഗുപ്കാര്‍ സഖ്യം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ജില്ലാ വികസന കൗണ്‍സിലേക്ക് (ഡി.ഡി.സി) നടന്ന തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആദ്യഘട്ടത്തില്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടി. ഇരുപതു ജില്ലകളിലായി 280 ഡി.ഡി.സി സീറ്റുകളിലേക്കായി നടന്ന തെരഞ്ഞെടുപ്പില്‍ 2,178 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. ഓരോ ജില്ലയിലും 14 സീറ്റ് വീതമാണ് ഉള്ളത്.

ആദ്യഘട്ടത്തില്‍ 11 സീറ്റുകളില്‍ ഗുപ്കാര്‍ സഖ്യം ലീഡ് ചെയ്യുമ്പോള്‍ 6 സീറ്റുകളിലാണ് ബി.ജെ.പിക്ക് ലീഡുള്ളത്. കോണ്‍ഗ്രസ് രണ്ടിടത്തും മുന്നിലുണ്ട്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് പകരം പേപ്പര്‍ബാലറ്റ് ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തിയത്.

ജെ.കെ.എ.പി മൂന്നിടത്തും മറ്റുള്ളവര്‍ അഞ്ചിടത്തും ലീഡ് ചെയ്യുകയാണ്. ഗുപ്കാര്‍ സഖ്യത്തില്‍ ‘നാഷണല്‍ കോണ്‍ഫറന്‍സ്’ ആറിടത്താണ് മുന്നേറുന്നത്. പി.ഡി.പി മൂന്നിടത്ത് ലീഡ് ചെയ്യുന്നുണ്ട്. 25 ദിവസത്തിനിടെ എട്ടു ഘട്ടമായാണ് വോട്ടെടുപ്പു നടന്നത്. നാഷണല്‍ കോണ്‍ഫറന്‍സും പി.ഡി.പിയും ചേര്‍ന്നു രൂപവത്കരിച്ച പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന്‍ (പി.എ.ജി.ഡി), ‘ഗുപ്കാര്‍ സഖ്യ’മായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയായിരുന്നു.

ജമ്മുകാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവിയായ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതിനുള്ള പോരാട്ടത്തിനായാണ് ജമ്മു കശ്മീരിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് പി.എ.ജി.ഡി രൂപവത്കരിച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം ഇതാദ്യമായാണ് ജില്ലാ വികസന സമിതിയിലേക്ക് ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പു നടക്കുന്നത്.

സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമിയാണ് സഖ്യത്തിന്റെ കണ്‍വീനര്‍. മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂബ് അബ്ദുള്ളയാണ് ചെയര്‍മാന്‍. പി.ഡി.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി വൈസ് ചെയര്‍പേഴ്‌സണാണ്.

Top