കൊവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു; രാജ്യത്ത് മരണം 15 ആയി, ആശങ്ക !

ശ്രീനഗര്‍: കൊവിഡ് ബാധിച്ച് രാജ്യത്ത് രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.ജമ്മുകശ്മീരിലും മഹാരാഷ്ട്രയിലുമാണ് ഓരോ മരണം വീതം റിപ്പോര്‍ട്ട് ചെയ്തത്.ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി.

ജമ്മു കശ്മീരില്‍ ശ്രീനഗറിലെ ഹൈദര്‍പൂര സ്വദേശിയായ 65കാരനാണ് മരിച്ചത്. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ മരണം കൂടിയാണിത്. രണ്ടു ദിവസം മുമ്പാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

മതപ്രബോധകനായിരുന്ന ഇയാള്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ യാത്ര ചെയ്തിരുന്നു. എന്നാല്‍ യാത്രാവിവരങ്ങള്‍ ഇയാള്‍ മറച്ചുവെച്ചതായി അധികൃതര്‍ അറിയിച്ചു.ഇയാളുമായി ബന്ധം പുലര്‍ത്തിയ നാല് പേര്‍ക്കും കഴിഞ്ഞ ദിവസം കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

മഹരാഷ്ട്രയിലെ നവി മുംബൈയിലാണ് രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇയാളുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

രാജ്യത്ത് ഇതുവരെ 608 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ താനെയില്‍ ഇന്ന് രണ്ടു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ രോഗം ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 130പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടാമത് കേരളമാണ്. ഇവിടെ 112 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

Top