കശ്മീര്‍ ആഭ്യന്തര വിഷയമാണെന്ന ഇന്ത്യയുടെ നിലപാടിന് പിന്തുണയുമായി അമേരിക്ക

ന്യൂഡല്‍ഹി : കശ്മീര്‍ ആഭ്യന്തര വിഷയമാണെന്ന ഇന്ത്യയുടെ നിലപാടിന് പിന്തുണയുമായി അമേരിക്ക. 370ാം അനുച്ഛേദം റദ്ദാക്കിയത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് ഇന്ത്യയാണ്. പാകിസ്ഥാന് അതില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നുമാണ് അമേരിക്കയുടെ നിര്‍ദ്ദേശം.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനിടെയാണ് കശ്മീര്‍ വിഷയം ചര്‍ച്ചയായത്. കശ്മീര്‍ മേഖലയില്‍ ഭീകരവാദത്തെ ചെറുക്കാനും സമാധാനം നിലനിര്‍ത്താനും ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് അമേരിക്ക നല്‍കുന്ന പിന്തുണയില്‍ നന്ദി അറിയിച്ചപ്പോഴാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി കശ്മീര്‍ വിഷയത്തിലെ നിലപാട് തുറന്ന് പറഞ്ഞത്.

അതിര്‍ത്തി കടന്നുള്ള ഭീകരവാദം പാക്കിസ്ഥാന്‍ അവസാനിപ്പിക്കാതെ മേഖലയില്‍ സമാധാനം ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, ജമ്മു കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ രാജ്യാന്തര കോടതിയെ സമീപിക്കുമെന്നു വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എല്ലാം നിയമവശങ്ങളും ചർച്ചചെയ്ത ശേഷമാണ് നീക്കമെന്നു പാക്ക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂജ് ഖുറേഷി പറഞ്ഞതായും ഏജൻസി റിപ്പോർട്ട് ചെയ്തു.

Top