കശ്മീരില്‍ സംഘര്‍ഷം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

soldiers

ഷോപിയാന്‍: ജമ്മു- കശ്മീര്‍ താഴ്വരയില്‍ വീണ്ടും സംഘര്‍ഷം പുകയുന്നു. ഷോപിയാനില്‍ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് അഞ്ചു ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ഭീകരരെ കൊലപ്പെടുത്തിയത്.ഇവരില്‍ സംഘടനയുടെ മുതിര്‍ന്ന തലവനും കശ്മീര്‍ സര്‍വകലാശാലയിലെ പ്രഫസറും ഉള്‍പ്പെടുന്നു. ഭീകരരില്‍ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു. ഷോപിയാനിലെ ബാഡിഗാം ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. ഭീകരരുടെ ആക്രമണത്തിലാണ് ഒരു ജവാനും രണ്ടു പൊലീസുകാര്‍ക്കും പരിക്കേറ്റത്.
ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണു സുരക്ഷാസേന തിരച്ചിലിന് എത്തിയത്. പ്രദേശത്തു കൂടുതല് ഭീകരര്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ തുടരുകയാണ്. അതിനിടെ ഭീകരരുമായി ഏറ്റുമുട്ടല്‍ നടന്നയിടത്തേക്കു ഗ്രാമീണര്‍ എത്തിയത് പ്രശ്‌നം രൂക്ഷമാക്കി. മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചു ഗ്രാമീണരും കൊല്ലപ്പെട്ടു.
ഇന്റര്‍നെറ്റ് സേവനം ഉള്‍പ്പെടെ തെക്കന്‍ കശ്മീര്‍ ജില്ലകളില്‍ താത്കാലികമായി നിരോധിച്ചിരിക്കുകയാണ്.

ചട്ടബല്‍ മേഖലയില്‍ മൂന്നു ഭീകരരെ കൊലപ്പെടുത്തി 24 മണിക്കൂര്‍ തികഞ്ഞതിനു പിന്നാലെയായിരുന്നു ഷോപിയാനിലെ ഏറ്റുമുട്ടല്‍.
കൊല്ലപ്പെട്ട ഭീകരരില്‍ ഹിസ്ബുല്‍ മുജാഹിദ്ദീന്റെ മുതിര്‍ന്ന കമാന്‍ഡര്‍ സദ്ദാം പദ്ദറും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രഫസര്‍ മുഹമ്മദ് റാഫി ഭട്ട്, തൗസീഫ് ഷെയ്ഖ്, ആദില്‍ മാലിക്, ബിലാല്‍ എന്നിവരാണു കൊല്ലപ്പെട്ട ബാക്കി നാലു പേര്‍.

എല്ലാവരും തെക്കന്‍ കശ്മീരില്‍ നിന്നുള്ളവരാണ്. കശ്മീര്‍ സര്‍വകലാശാലയിലെ സോഷ്യോളജി അസി. പ്രഫസരായ മുഹമ്മദ് റാഫി ഭട്ടിനെ വെള്ളിയാഴ്ച വൈകിട്ട് മൂന്നര മുതല്‍ കാണാനില്ലായിരുന്നു. അന്നാണു ഭട്ട് ഭീകരസംഘത്തിനൊപ്പം ചേര്‍ന്നതെന്നാണു വിവരം. ഇതിനു പിന്നാലെ ശനിയാഴ്ച വൈകിട്ടോടെ ബാഡിഗാമില്‍ സുരക്ഷാസേന ഭീകര സംഘത്തെ വളയുകയായിരുന്നു. ഭട്ടിന്റെ കുടുംബാംഗങ്ങളെ സ്ഥലത്തെത്തിച്ച് അനുനയിപ്പിക്കാനുള്ള ശ്രമവും പൊലീസ് നടത്തിയെങ്കിലും വിജയിച്ചില്ല.

ഭട്ടിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച പകല്‍ പൊലീസിനു കുടുംബം പരാതി നല്‍കിയിരുന്നു. സര്‍വകലാശാലയിലും ഭട്ടിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു പ്രതിഷേധമുയര്‍ന്നു. ഇതിനുപിന്നാലെയാണു ഭീകരസംഘത്തില്‍ ഭട്ടും ഉള്‍പ്പെട്ടെന്ന വിവരം പുറത്തുവരുന്നതും കൊല്ലപ്പെടുന്നതും.
ഭീകരരുമായി ഏറ്റുമുട്ടലുണ്ടായ സ്ഥലത്തേക്കു ജനങ്ങള്‍ പ്രതിഷേധവുമായി എത്തിയതും സംഘര്‍ഷം രൂക്ഷമാകാന്‍ കാരണം. കല്ലേറിനിടെ പ്രദേശവാസികളായ യുവാക്കള്‍ക്കു പരുക്കേറ്റു. ഇവരില്‍ അഞ്ചു പേരാണ് മരിച്ചത്.

Top