പെല്ലറ്റുകള്‍ മാറി പ്ലാസ്റ്റിക് ബുള്ളറ്റുകള്‍;നിരന്തരം പരീക്ഷണങ്ങള്‍ക്ക് വിധേയരാകുന്ന കശ്മീര്‍ ജനത

ശ്രീനഗറില്‍ തെരുവ് പ്രതിഷേധങ്ങളെ നേരിടാന്‍ അപകടകരമായ ബുള്ളറ്റുകള്‍ക്ക് പകരം പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍, മുഖമടക്കമുള്ള പ്രധാനപ്പെട്ട ശരീരഭാഗങ്ങളില്‍ ഈ ബുള്ളറ്റുകള്‍ പതിച്ചാല്‍ അത് അപകടകരമാണെന്നാണ് ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ പറയുന്നത്.

നേരത്തെ ഉപയോഗിച്ചിരുന്ന പെല്ലെറ്റ് ബോളുകള്‍ ഏറെ അപകടകരമായിരുന്നു. ഒരേ സമയത്ത് നൂറ് കണക്കിന് ആളുകളെ ലക്ഷ്യം വെയ്ക്കാന്‍ സാധിക്കുന്ന പെല്ലറ്റ് ബോളിനേക്കാള്‍ ഉദ്ദേശിക്കുന്ന ആളെ മാത്രം ബാധിക്കുന്ന പ്ലാസ്റ്റിക് ബുള്ളറ്റുകളാണ് തെരിവ് പ്രതിഷേധക്കാരെ നേരിടാന്‍ നല്ലതെന്ന് അധികൃതര്‍ അവകാശപ്പെടുന്നു.

മഹാരാഷ്ട്രയിലെ ഫാക്ടറിയില്‍ പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. എ കെ 47 റൈഫിളുകള്‍ നിന്ന് ഫയര്‍ ചെയ്യാന്‍ സാധിക്കുന്നവയാണിത്. പെല്ലറ്റ് ആക്രമണവുമായി ബന്ധപ്പെട്ട നൂറ് കണക്കിന് വാര്‍ത്തകളാണ് കശ്മീരില്‍ നിന്ന് നിരന്തരം വന്നുകൊണ്ടിരിക്കുന്നത്.

സാധാരണ ബുള്ളറ്റുകളെക്കാള്‍ 500 ഇരിട്ടി കുറവ് പ്രത്യാഘാതങ്ങള്‍ മാത്രമേ പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ ഉണ്ടാക്കൂ എന്നാണ് ടെര്‍മിനല്‍ ബാലിസ്റ്റിക് റിസര്‍ച്ച് ലബോറട്ടറി ഡയറക്ടര്‍ മഞ്ജിത് സിംഗ് അഭിപ്പായപ്പെടുന്നത്.

അപകടം കുറഞ്ഞത് എന്ന പേരില്‍ അഞ്ചാമത്തെ പരീക്ഷണ ബുള്ളറ്റാണ് കശ്മീരില്‍ പരീക്ഷിക്കുന്നത്. പ്ലാസ്റ്റിക് ബുള്ളറ്റ് ഉപയോഗിക്കുന്നത് ആദ്യമായിട്ടാണെന്ന് മാത്രം. ചില ലബോറട്ടറി പരീക്ഷണങ്ങള്‍ അല്ലാതെ ഈ പുതിയ ബുള്ളറ്റുകള്‍ ഇന്ത്യയില്‍ എവിടെയും ഉപയോഗിച്ചിട്ടില്ല.

കണ്ണീര്‍ വാതക ഷെല്‍, റബ്ബര്‍ ബുള്ളറ്റ്, മുളക്‌പൊടി പാവകള്‍, പെല്ലെറ്റ് ഗണ്‍ തുടങ്ങിയവയെല്ലാം കശ്മീരിലാണ് പ്രതിരോധ വിഭാഗം ആദ്യമായി പരീക്ഷിച്ചിട്ടുള്ളത്. എല്ലാം സര്‍ക്കാരിന് എതിരായ പ്രക്ഷോഭങ്ങളിലാണ്. അതായത്, ഇന്ത്യ കണ്ടെത്തുന്ന എല്ലാ പുതിയ ആയുധങ്ങളും പരീക്ഷിച്ച് ഉറപ്പുവരുത്തുന്നത് കശ്മീരിലാണെന്ന് ചുരുക്കം.

രാജസ്ഥാന്‍, യുപി പോലുള്ള സംസ്ഥാനങ്ങളിലെല്ലാം തന്നെ വലിയ അളവില്‍ വിവിധ പ്രക്ഷോഭങ്ങള്‍ നടക്കാറുണ്ട്, നിരവധി ക്രമസമാധാന പ്രശ്ങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍, അവിടെയൊന്നും ആര്‍ക്കും പെല്ലെറ്റുകളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. എന്തും പരീക്ഷിച്ച് നോക്കാന്‍ ഞങ്ങളെന്താ ഗിനിപ്പന്നികളാണോ എന്നാണ് കശ്മീര്‍ ജനത ആവര്‍ത്തിച്ച് ചോദിക്കുന്നത്.

പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ അപകടം കുറഞ്ഞവയെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഈ വാദം തള്ളിക്കളയുകയാണ് തദ്ദേശവാസികള്‍. 2010ല്‍ പെല്ലറ്റുകള്‍ കൊണ്ടു വന്നപ്പോഴും അപകടം കുറഞ്ഞത് എന്ന വാദം തന്നെയാണ് പ്രതിരോധ വിഭാഗം പറഞ്ഞിരുന്നത്. എന്നാല്‍, ഗുരുതര പ്രത്യാഘാതങ്ങളാണ് പെല്ലെറ്റുകള്‍ ഉണ്ടാക്കിയത്. വെറും അഞ്ച് മാസത്തെ കണക്കു പരിശോധിച്ചാല്‍ തന്നെ 12,000 ആളുകളാണ് പെല്ലറ്റ് ആക്രമണത്തില്‍ കശ്മീരില്‍ പരിക്കേറ്റിട്ടുള്ളത്. ഇത് കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നതിന് കാരണമായിരുന്നു.

യുവാക്കളാണ് കശ്മീരിലെ പെല്ലറ്റ് ആക്രമണത്തിന്റെ സ്ഥിരം ഇരകള്‍. 1,570ലധികം പേരാണ് ശ്രീമഹാരാജ ഹരിസിംഗ് ആശുപത്രിയില്‍ മാത്രം ചികിത്സ തേടിയത്. കാഴ്ച നഷ്ടപ്പെടുന്നവരാണ് ഇതില്‍ കൂടുതലും. 2018 ല്‍ 363 രോഗികളാണ് കണ്ണിന് പരിക്കേറ്റ് എസ് എം എച്ച് എസ് ആശുപത്രിയില്‍ ചികിത്സിച്ചത്. 20 മരണങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പെല്ലറ്റ് ആക്രമണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തു. 1,726 പേരാണ് ഇത് വരെ വികലാംഗരായിട്ടുള്ളത്.

അപകടം കുറഞ്ഞ പുതിയ ആയുധങ്ങള്‍ കശ്മീരില്‍ പരീക്ഷിക്കുക എന്നാല്‍ പഴയത് ഒഴിവാക്കുക എന്നല്ല, അവ നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് പുതിയ ആയുധങ്ങള്‍ പരീക്ഷിക്കപ്പെടുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ പരീക്ഷണങ്ങള്‍ കൂടുതല്‍ ആക്രമണ പരമ്പരകള്‍ക്കാണ് വഴിയൊരുക്കുക എന്നാണ് ഈ രംഗത്തെ വിദഗ്ധരുടെയും അഭിപ്രായം. കശ്മീരിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജനാധിപത്യ മര്യാദകള്‍ പാലിച്ചുകൊണ്ടുള്ള ചുവടുവയ്പ്പുകളാണ് ആവശ്യം.

റിപ്പോര്‍ട്ട്: എ.ടി അശ്വതി

Top