ജമ്മു കശ്മീര്‍ വിഭജന ബില്‍ രാജ്യസഭ പാസാക്കി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയുള്ള ബില്‍ രാജ്യസഭയില്‍ പാസായി. 125 പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 61 പേര്‍ എതിര്‍ത്തു.

ബില്‍ പാസായതോടെ ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാകും. പ്രതിപക്ഷം അവതരിപ്പിച്ച എതിര്‍പ്രമേയം ഉപരാഷ്ട്രപതി തള്ളി. ജമ്മു കശ്മീരിനെ കശ്മീര്‍, ലഡാക്ക് എന്നീ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു. ഇതില്‍ കശ്മീര്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. ലഡാക്കില്‍ നിയമസഭ ഉണ്ടാവില്ല. നേരിട്ട് കേന്ദ്രത്തിനു കീഴിലായിരിക്കും.

ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് താത്കാലികമാണെന്നും സമാധാനം പുനഃസ്ഥാപിച്ചശേഷം പൂര്‍ണ സംസ്ഥാന പദവി തിരിച്ചുനല്‍കുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയം നോക്കിയല്ലെന്നും അമിത് ഷാ പറഞ്ഞു.

കശ്മീരിലെ രക്തചൊരിച്ചില്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് 370-ാം വകുപ്പ് എടുത്തു കളയുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ജമ്മു കാശ്മീരിന്റെ വളര്‍ച്ചയ്ക്കല്ല ഭീകരതയുടെ വളര്‍ച്ചയ്ക്കായാണ് 370-ാം വകുപ്പ് ഉപയോഗപ്പെടുത്തിയത്. മേഖലയിലെ അഴിമതിയും ദാരിദ്ര്യവും ഇതിലൂടെ വര്‍ധിക്കുകയാണ് ചെയ്തതെന്നും കശ്മീര്‍ ബില്ലിലെ ചര്‍ച്ചകള്‍ക്ക് രാജ്യസഭയില്‍ മറുപടി പറയവെ അമിത് ഷാ ചൂണ്ടിക്കാട്ടി.

Top