ട്രംപിന്റെ ‘ഓഫര്‍’ കൈയില്‍ ഇരിക്കട്ടെ; കശ്മീര്‍ സ്വന്തം കാര്യം, നയം വ്യക്തമാക്കി ഇന്ത്യ

ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ പിന്നണിയില്‍, കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ സഹായം വാഗ്ദാനം ചെയ്തുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ‘ഓഫറിന്’ മറുപടിയുമായി ഇന്ത്യ. കശ്മീര്‍ വിഷയത്തില്‍ തങ്ങളുടെ നിലപാട് ആവര്‍ത്തിച്ച ഇന്ത്യ ‘വിഷയം ഉഭയകക്ഷി വിഷയമാണെന്നും, ഇത് ഇരുവരും തമ്മില്‍ പരിഹരിക്കേണ്ടതാണെന്നും’ പറഞ്ഞു. വിദേശകാര്യ മന്ത്രാലയ ശ്രോതസ്സുകളാണ് വിഷയത്തിലെ നിലപാട് വ്യക്തമാക്കിയത്.

ചര്‍ച്ചയും, ഭീകരവാദവും ഒരുമിച്ച് പോകില്ലെന്ന മോദി സര്‍ക്കാരിന്റെ നിലപാടും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിച്ചു. എന്ത് ചര്‍ച്ച സംഭവിക്കണമെങ്കിലും ആദ്യം പാകിസ്ഥാന്‍ തീവ്രവാദം ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ കാണുന്നതിന് മുന്‍പാണ് പ്രസിഡന്റ് ട്രംപ് മധ്യസ്ഥത വീണ്ടും ഓഫര്‍ ചെയ്തത്.

‘കശ്മീരിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും. ഞങ്ങള്‍ക്ക് വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ കഴിയും. ചില അതിര്‍ത്തികളില്‍ പാകിസ്ഥാനൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയും, പാകിസ്ഥാനും തമ്മില്‍ കശ്മീര്‍ വിഷയത്തിന്റെ പേരിലുള്ള ബന്ധവും സംസാരിക്കും. ഞങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയുമെങ്കില്‍ ഉറപ്പായും സഹായിക്കും. ദിവസവും ഈ വിഷയം പരിശോധിക്കുന്നുണ്ട്’, ട്രംപ് പറഞ്ഞു.

ഒരു വര്‍ഷത്തിനിടെ രണ്ട് നേതാക്കളും തമ്മിലുള്ള മൂന്നാമത്തെ യോഗമാണ് ഇത്. പ്രാദേശിക സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് പുറമെ അഫ്ഗാന്‍ സമാധാന നടപടിയും, അമേരിക്ക – ഇറാന്‍ സംഘര്‍ഷം, ജമ്മു കശ്മീര്‍ സ്ഥിതിഗതികള്‍ എന്നിവയും ഇരുവരും ചര്‍ച്ച ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

Top