കാണാതായ അധ്യാപികയുടെ മരണം കൊലപാതകമെന്ന് പൊലീസ്‌

കാസര്‍കോട്: കാണാതായ അധ്യാപികയെ കുമ്പള കോയിപ്പാടി കടപ്പുറത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സഹപ്രവര്‍ത്തകനായ അധ്യാപകന്‍ വെങ്കിട്ട രമണ കസ്റ്റഡിയില്‍. മിയാപദവ് ചന്ദ്രകൃപയിലെ എ ചന്ദ്രശേഖറിന്റെ ഭാര്യ ബി കെ രൂപശ്രീയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബക്കറ്റില്‍ മുക്കി കൊന്ന ശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചതാണെന്ന് പൊലീസ് പറഞ്ഞു. രൂപശ്രീയെ കാണാതായ ദിവസം ഈ അധ്യാപകനും കൂടെ ഉണ്ടായിരുന്നതായാണ് വിവരം. കസ്റ്റഡിയിലുള്ള അധ്യാപകനടക്കം രൂപശ്രീയുമായി അടുപ്പം ഉള്ളവരെ എല്ലാം പൊലീസ് ചോദ്യം ചെയ്തിരുന്നു. മഞ്ചേശ്വരം മിയാപദവ് സ്‌കൂളിലെ അധ്യാപികയായിരുന്ന രൂപശ്രീയെ ഈ മാസം 16 മുതല്‍ സ്‌കൂളില്‍ നിന്നും കാണാതായിരുന്നു. രൂപശ്രീയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കടപ്പുറത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

മത്സ്യതൊഴിലാളികളാണ് കഴിഞ്ഞദിവസം മൃതദേഹം കണ്ടെത്തിയത്. ഇവരുടെ സ്‌കൂട്ടര്‍ ഹൊസങ്കടിയില്‍ നിന്നും രണ്ട് കിലമീറ്റര്‍ അകലെ ദുര്‍ഗപള്ളത്തെ റോഡില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം മൃതദേഹം കണ്ടെത്തിയ ശേഷവും രൂപശ്രീയുടെ കയ്യിലുണ്ടായിരുന്ന ഫോണുകളിലൊന്നില്‍ ബെല്ലടിക്കുന്നുണ്ടെന്നാണ് പൊലീസ് പറഞ്ഞത്. മുങ്ങിമരണമെന്നായിരുന്നു പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ രൂപശ്രീയുടെ മരണം കൊലപാതകമെന്നാണ് ബന്ധുക്കള്‍ ആരോപിച്ചിരുന്നത്.

Top