അട്ടിമറി വിജയം ലക്ഷ്യമിട്ട് ഉണ്ണിത്താന്‍, കാസര്‍ഗോട്ടെ വിധി പ്രവചനാതീധം !

ക്രമിച്ചും പ്രതിരോധിച്ചും കോണ്‍ഗ്രസിനെ വാക്കുകള്‍കൊണ്ട് കോട്ടകെട്ടി സംരക്ഷിക്കുന്ന പാര്‍ട്ടി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കാസര്‍ഗോട്ട് കൊടുങ്കാറ്റാകുമോ? ഇപ്പോള്‍ രാഷ്ട്രീയ കേരളം തേടുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്. സപ്തഭാഷാസംഗമ ഭൂമിയായ കാസര്‍ഗോടിന്റെ മണ്ണിലേക്ക് രാജ് മേഹന്‍ ഉണ്ണിത്താന്‍ എത്തുമ്പോള്‍ പെരിയ ഇരട്ടകൊലപാതകത്തിനെതിരെ ഉയരുന്ന പ്രതിഷേധം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. മുന്‍പ് സിപിഎം കോട്ടയായ തലശേരിയില്‍ കോടിയേരി ബാലകൃഷ്ണന്റെ ഭൂരിപക്ഷം പതിനായിരത്തില്‍ പിടിച്ചുനിര്‍ത്തിയ ചരിത്രവും ഈ നേതാവിന് അവകാശപ്പെട്ടതാണ്. അണികളുടെ എതിര്‍പ്പില്‍ സിറ്റിങ് എം.പി,പി. കരുണാകരനെ ഒഴിവാക്കി സി.പി.എം ജില്ലാ സെക്രട്ടറി സതീഷ്ചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയ ഇടതുപക്ഷ നേതൃത്വത്തെ ഞെട്ടിക്കുന്ന നീക്കമാണ് രാജ്‌മോഹന്റെ സ്ഥാനാര്‍ത്ഥിത്വം.

ഡി.സി.സി നേതൃത്വം നിര്‍ദ്ദേശിച്ച സുബ്ബറായിക്ക് പകരമാണ് അണികളെ ഊര്‍ജസ്വലനാക്കാനുള്ള വീര്യമുള്ള രാജ്‌മോഹനെ ഹൈക്കമാന്റ് രംഗത്തിറക്കിയിരിക്കുന്നത്.കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഉറച്ച നിലപാടാണ് രാജ്‌മോഹന് തുണയായത്. തികഞ്ഞ വിശ്വാസിയെന്നതും ബി.ജെ.പി ശക്തമായ മണ്ഡലത്തില്‍ ഹിന്ദുവോട്ടുകള്‍ രാജ്‌മോഹന് അനുകൂലമാകുമെന്ന പ്രതീക്ഷയും കോണ്‍ഗ്രസിനുണ്ട്. എസ്.എഫ്.ഐയുടെ ഉരുക്കുകോട്ടയായ കൊല്ലം എസ്.എന്‍ കോളേജില്‍ ഇപ്പോള്‍ സി.പി.എം പോളിറ്റ്ബ്യൂറോ അംഗമായ എം.എ ബേബിയെ പരാജയപ്പെടുത്തി കെ.എസ്.യു ചെയര്‍മാനായിട്ടാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ അട്ടിമറി തുടക്കം. ഇതു തിരിച്ചറിഞ്ഞ് കെ. കരുണാകരനാണ് ഈ വിദ്യാര്‍ത്ഥി നേതാവിനെ രാഷ്ട്രീയത്തില്‍ കൈപിടിച്ച് ഉയര്‍ത്തിയത്.

ലീഡറുടെ വിശ്വസ്ഥനായി ഏറെ കാലം തുടര്‍ന്ന രാജ്‌മോഹന്‍ കൊല്ലം സീറ്റ് നിഷേധിച്ചതോടെയാണ് കെ. മുരളീധരനുമായി ഇടഞ്ഞത്. കെ.പി.സി.സി ആസ്ഥാനത്ത് യോഗത്തിനെത്തുമ്പോള്‍ ഉടുതുണി ഉരിഞ്ഞുള്ള ആക്രമണത്തിനിരയായതും കോണ്‍ഗ്രസിലെ കറുത്ത അധ്യായം. എന്നാല്‍ പിന്നീടങ്ങോട്ട് കോണ്‍ഗ്രസ് വക്താവായി പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരെ ഉയരുന്ന ആരോപണങ്ങളെ വാക്കുകള്‍ കൊണ്ട് കോട്ടകെട്ടി സംരക്ഷിക്കാനുള്ള നിയോഗമായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്. ചാനലുകളിലും പൊതുയോഗങ്ങളിലും വാക്കുകള്‍കൊണ്ട് എതിരാളികളെ നിഷ്പ്രഭമാക്കിയാണ് രാജ്‌മോഹന്‍ തിളങ്ങിയത്.

2006ല്‍ സി.പി.എം ഉരുക്കുകോട്ടയായ തലശേരിയില്‍ കോടിയേരി ബാലകൃഷ്ണനെതിരെ മത്സരിക്കാന്‍ ചാവേറായാണ് കോണ്‍ഗ്രസ് നേതൃത്വം രാജ്‌മോഹനെ പറഞ്ഞു വിട്ടത്. എന്നാല്‍ പാര്‍ട്ടിഗ്രാമങ്ങളില്‍ പോലും തന്റെ പ്രസംഗംകൊണ്ട് ഇളക്കമുണ്ടാക്കിയ രാജ്‌മോഹന് കോടിയേരിയുടെ ഭൂരിപക്ഷം 10,055 ആയി കുറക്കാന്‍ സാധിച്ചു. പിന്നീട് കണ്ണൂരുകാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജി മാക്കുറ്റി പ്രതിയോഗിയായെത്തിയ 2011 ലെ തെരഞ്ഞെടുപ്പില്‍ കോടിയേരിയുടെ ഭൂരിപക്ഷം 26,509 ആയും 2016ല്‍ കോടിയേരി മാറി ഷംസീര്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ പഴയ സി.പി.എം നേതാവ് എ.പി അബ്ദുള്ളക്കുട്ടിയെ ഇറക്കി കോണ്‍ഗ്രസ് പരീക്ഷണം നടത്തിയപ്പോള്‍ ഭൂരിപക്ഷം 34,117 ആയും കുതിച്ചുയരുകയായിരുന്നു. ഇവിടെയാണ് രാജ്‌മോഹനിലെ പോരാളിയെ കോണ്‍ഗ്രസ് തിരിച്ചറിഞ്ഞത്.

എ.കെ.ജിയെ പാര്‍ലമെന്റിലെത്തിച്ച കാസര്‍കോട്ട് നെഹ്‌റു വന്ന് മത്സരിച്ചാല്‍ പോലും തോല്‍ക്കുമെന്ന് സി.പി.എം വീമ്പിളക്കിയ മണ്ഡലത്തില്‍ 1971ല്‍ മുന്‍ മുഖ്യമന്ത്രിയായ ഇ.കെ നായനാരെ അന്ന് കെ.എസ്.യു നേതാവായിരുന്ന ഇരുപത്തിയാറു വയസുകാരനായ കടന്നപ്പള്ളി രാമചന്ദ്രന്‍ പരാജയപ്പെടുത്തിയിട്ടുണ്ട്. 77ലും കടന്നപ്പള്ളി വിജയം ആവര്‍ത്തിച്ചു. 80തില്‍ രാമണ്ണറായിയിലൂടെ സി.പി.എം വീണ്ടും കാസര്‍കോട് ചുവപ്പിച്ചു. 84ല്‍ ഐ കോണ്‍ഗ്രസിലെ രാമറായി വിജയിച്ചു. 89തില്‍ രാമണ്ണാറായിയിലൂടെ മണ്ഡലം തിരിച്ചുപിടിച്ച സി.പി.എം പിന്നെ കാസര്‍കോട്ട് പരാജയമറിഞ്ഞിട്ടില്ല. 89 മുതല്‍ ഇവിടെ ചൊങ്കൊടിയാണ് പാറുന്നത്. 2014 ല്‍ പി. കരുണാകരനെതിരെ ടി. സിദ്ദിഖെത്തിയപ്പോള്‍ ഭൂരിപക്ഷം 6921 ആയി കുത്തനെ കുറഞ്ഞു.

പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ഉയര്‍ത്തിയ സഹതാപതരംഗം കാസര്‍കോട്ട് കോണ്‍ഗ്രസിനിപ്പോള്‍ അനുകൂല ഘടകമാണ്. അക്രമരാഷ്ട്രീയമായിരിക്കും പ്രധാന പ്രചരണ വിഷയമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന മണ്ഡലമായി നിലവില്‍ കാസര്‍ഗോഡ് മാറി കഴിഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കാസര്‍ഗോട്ടെ ഡി.സി.സിയില്‍ ഉണ്ടായ അഭിപ്രായ ഭിന്നത പരിഹരിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒറ്റക്കെട്ടായാണ് രംഗത്തിറങ്ങിയിരിക്കുന്നത്.

Top