പെരിയ ഇരട്ട കൊലപാതകം; അനിശ്ചിതത്വത്തിലായി കേസന്വേഷണം

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകം നടന്നിട്ട് ഒരു വര്‍ഷം തികയുമ്പോഴും കേസ് ആര് അന്വേഷിക്കണമെന്ന കാര്യത്തില്‍ ഇരകളുടെ കുടുംബം ഇപ്പോഴും സര്‍ക്കാരുമായി നിയമയുദ്ധം തുടരുന്നു. സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയതോടെ കേസ് അന്വേഷണവും കോടതി നടപടികളും പൂര്‍ണമായും അനിശ്ചിതത്വത്തിലായി.

കഴിഞ്ഞ ഫെബ്രുവരി പതിനേഴിനാണ് പെരിയ കല്യോട്ട് വച്ച് ശരത് ലാലും കൃപേഷും കൊല്ലപ്പെടുന്നത്. ബൈക്കില്‍ പോകുകയായിരുന്ന ഇരുവരേയും അക്രമിസംഘം വെട്ടി വീഴ്ത്തുകയായിരുന്നു. കൃപേഷ് സംഭവ സ്ഥലത്തും ശരത് ലാല്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു. ഒന്നാം പ്രതി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ ആസൂത്രണം ചെയ്തതാണ് കൊലപാതകമെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത 12 പേരെ കൂടാതെ സിപിഎം ഉദുമ ഏരിയ സെക്രട്ടറി കെ.എം മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവരെക്കൂടി പ്രതി ചേര്‍ത്ത് കുറ്റപത്രം നല്‍കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ പരാതി ഹൈക്കോടതി അംഗീകരിച്ചു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഇതുവരേയും തീര്‍പ്പായില്ല.

Top