കാസര്‍കോട് മരിച്ച പതിനാറുകാരിയുടേത് കൊലപാതകം ; ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയത് സഹോദരന്‍

കാസര്‍കോട്: വെള്ളരിക്കുണ്ട് ബളാല്‍ അരീങ്കലിലെ ആന്‍മേരി(16)യുടെ മരണം കൊലപാതകമെന്ന് പോലീസ്. സഹോദരന്‍ ആല്‍ബിന്‍ ഐസ് ക്രീമില്‍ വിഷം കലര്‍ത്തി ആന്‍മേരിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ ആല്‍ബിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ശര്‍ദ്ദിയും വയറിളക്കവും ബാധിച്ചതിനെത്തുടര്‍ന്നാണ് ആന്‍മേരിയെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കുട്ടിക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും നിലഗുരുതരമാകുകയുമായിരുന്നു. ആഗസ്റ്റ് അഞ്ചിന് ആന്‍മേരി മരിച്ചു.

പിന്നാലെ ആഗസ്റ്റ് ആറിന് അച്ഛനും പിന്നീട് അമ്മയ്ക്കും ഛര്‍ദ്ദിയും ദേഹാസ്വാസ്ത്യവും അനുഭവപ്പെട്ടു. തുടര്‍ന്ന് മൂവരും കഴിച്ച ഐസ്‌ക്രീമില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. സഹോദരന് ആല്‍ബിനും തനിക്കും ഭക്ഷ്യവിഷബാധയേറ്റതായി പറഞ്ഞെങ്കിലും മെഡിക്കല്‍ പരിശോധനയില്‍ ഇയാള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതാണ് കേസില്‍ നിര്‍ണായകമായത്.

പിതാവ് ബെന്നിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണ്. പെണ്‍കുട്ടിയുടെ മരണത്തില്‍ സംശയമുണര്‍ന്നതോടെ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. വിഷം ഉള്ളില്‍ച്ചെന്നാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് ചെറുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വിശദമായ അന്വേഷണത്തിനായി വെള്ളരിക്കുണ്ട് പോലീസിന് കൈമാറിയത്.

Top