കല്ലെറിയുന്നവർ ഒരു കാര്യം ഓർക്കുക, നിങ്ങളിൽ പാപം ചെയ്യാത്തവർ ആരാണ്

കാസര്‍ഗോഡ് നടന്ന ഇരട്ട കൊലപാതകം നാടിനെ നടുക്കുന്നതാണ്. ഒരു കൊലപാതകങ്ങളും ന്യായീകരിക്കപ്പെടുന്നതല്ല. യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെട്ടേ മതിയാകു. കൊലപാതകത്തില്‍ പങ്കുള്ള ആരെയും സംരക്ഷിക്കില്ലന്ന് സി.പി.എമ്മും സര്‍ക്കാരും വ്യക്തമാക്കി കഴിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ സിപിഎം പുറത്താക്കിയിട്ടുണ്ട്.

അതേസമയം കൊലപാതകത്തില്‍ ഉള്‍പ്പെട്ടത് സി.പി.എം പ്രവര്‍ത്തകര്‍ ആയതിനാല്‍ ആ പാര്‍ട്ടിയെ ഇപ്പോള്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ സംഘടിതമായി കൊത്തി പറിക്കുന്ന കാഴ്ചയാണ് എങ്ങും കാണുന്നത്.

ഈ സാഹചര്യത്തില്‍ ചില വസ്തുതകള്‍ കൂടി നാം പരിശോധിക്കേണ്ടതുണ്ട്. അതില്‍ ഏറ്റവും പ്രധാനം സി.പി.എം നേതൃത്വങ്ങള്‍ അറിഞ്ഞുള്ള ഒരു കൊലപാതകമല്ല ഇതെന്നതാണ്.

സി.പി.എം സംസ്ഥാന സെക്രട്ടറിയും സി.പി.ഐ സംസ്ഥാന സെക്രട്ടറിയും നയിക്കുന്ന രണ്ട് സംസ്ഥാന ജാഥകള്‍ നടന്നുകൊണ്ടിരിക്കെ ഇത്തരമൊരു മണ്ടത്തരം സി.പി.എം കാട്ടില്ലെന്നത് ഉറപ്പാണ്. പ്രത്യേകിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍

ഈ വിലയിരുത്തല്‍ ശരിവയ്ക്കുന്നതാണ്, സി.പി.എം കൊലപതാകത്തെ തള്ളി രംഗത്ത് വന്നതും പ്രതികളെ പിടികൂടാന്‍ നിര്‍ദ്ദേശിച്ചതുമെല്ലാം.

കല്യോട്ടെ സി.പി.എം ലോക്കല്‍ കമ്മറ്റിയംഗമായ പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താകുക മാത്രമല്ല, പൊലീസ് അറസ്റ്റ് ചെയുകയും ചെയ്തിട്ടുണ്ട്. മുന്‍പ് സി.പി.എം പ്രതിസ്ഥാനത്ത് വന്ന കൊലപാതക കേസുകളില്‍ നിന്നും വ്യത്യസ്തമായ നിലപാടാണിത്.

പീതാംബരനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായിരുന്നു കൊല്ലപ്പെട്ട ശരത് ലാലും കൃപേഷും. ഇതു സംബന്ധമായി ബേക്കല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തുടര്‍ന്ന് റിമാന്‍ഡിലായിരുന്ന ശരത് ലാലിന് ഫെബ്രുവരി ഏഴിനാണ് കോടതി ജാമ്യം അനുവദിച്ചിരുന്നത്. കല്യാട്ടെ തന്നെ മറ്റൊരു ആക്രമണ സംഭവത്തിലും ശരത് ലാലും കൃപേഷും ഒന്നും രണ്ടും പ്രതികളായിരുന്നു.

എന്നാല്‍ കൊല്ലപ്പെട്ടവരുടെ ഈ പിന്‍ചരിത്രം നോക്കാതെയാണ് സര്‍ക്കാരും പൊലീസും ഇപ്പോള്‍ ശക്തമായ നടപടി സ്വീകരിച്ചു വരുന്നത്.

ഇരട്ടക്കൊലപാതകം നടന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെ പലരും പിടിയിലായി കഴിഞ്ഞു. സി.പി.എം പ്രവര്‍ത്തകന്‍ പീതാംബരനും പൊലീസ് കസ്റ്റഡിയിലാണ്. മറ്റുള്ളവര്‍ക്കായി കര്‍ണ്ണാടകയിലടക്കം പൊലീസ് വലവിരിച്ചിരിക്കുകയാണ്. ഈ പ്രതികളെ പിടികൂടാന്‍ കോണ്‍ഗ്രസ്സ് ഭരിക്കുന്ന കര്‍ണ്ണാടക സര്‍ക്കാറിന്റെ പൊലീസും ഉണര്‍ന്നു പ്രവര്‍ത്തിക്കണം.

ആക്രമണം ഒന്നിനും പരിഹാരമല്ലെന്നത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അണികള്‍ ഇനിയെങ്കിലും തിരിച്ചറിയണം. എല്ലാവരും തിരുത്താന്‍ തയ്യാറായാല്‍ മാത്രമേ നാട് നന്നാകുകയുള്ളു. ഇപ്പോള്‍ തന്നെ ചെറുപ്പക്കാരെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിടാന്‍ മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും മടിക്കുന്ന സാഹചര്യമാണ് പലയിടത്തുമുള്ളത്.

രാഷ്ട്രീയ പ്രവര്‍ത്തനം എന്നാല്‍ ക്രിമിനല്‍ പ്രവര്‍ത്തനം എന്ന രീതിയാക്കി ഇത്തരം സംഭവങ്ങള്‍ ചിത്രീകരിക്കപ്പെടുന്നതാണ് എതിര്‍പ്പിന് പ്രധാന കാരണം.

കാസര്‍ഗോട്ടെ ഇരട്ട കൊലപാതകത്തില്‍ പൊട്ടിതെറിക്കുന്ന ഒരു വിഭാഗം മാധ്യമങ്ങളുടെ നിലപാടുകളും ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

സി.പി.എം പ്രതിസ്ഥാനത്ത് വരുന്ന കേസുകളില്‍ ഒരു നിലപാട്, സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന കേസുകളില്‍ മറ്റൊരു നിലപാട് എന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ല.

സി.പി.എം പ്രവര്‍ത്തകരും നേതാക്കളും തെറ്റ് ചെയ്താല്‍ വിമര്‍ശിക്കുന്നതു പോലെ മറ്റു പാര്‍ട്ടികളോടും നിലപാട് സ്വീകരിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകണം.

എസ്.എഫ്.ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റായ അനീഷ് രാജിനെ 2012 മാര്‍ച്ച് 18 ന് കോണ്‍ഗ്രസ്സുകാര്‍ കുത്തിക്കൊന്നപ്പോള്‍ ഇവിടെ ഒരു മാധ്യമവിചാരണയും നടന്നിരുന്നില്ല.

ഇപ്പോള്‍ കൊല്ലപ്പെട്ട യുവാക്കളെ പോലെ അനീഷ് രാജിനും ഉണ്ടായിരുന്നു ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശം.അനീഷ് രാജിനെ കൊലപ്പെടുത്തിയ സംഘം പിന്നീട് ജയിലില്‍ നിന്നിറങ്ങി മറ്റൊരു കൊലപാതകം കൂടി നടത്തി ഇപ്പോള്‍ ജയിലിലാണ് എന്നതും കൂടി ഓര്‍ക്കണം.

അനവധി സി.പി.എം പ്രവര്‍ത്തകര്‍ എതിരാളികളുടെ കത്തിമുനയില്‍ പിടഞ്ഞ് വീണ മണ്ണാണിത്. ആ പ്രസ്ഥാനത്തിനും വര്‍ഗ്ഗ ബഹുജന സംഘടനകള്‍ക്കും നഷ്ടപ്പെട്ട പോലെ പ്രവര്‍ത്തകര്‍ മറ്റൊരു പാര്‍ട്ടിക്കും ഇവിടെ നഷ്ടമായിട്ടില്ല.

മഹാരാജാസിന്റെ മണ്ണില്‍ പിടഞ്ഞ് വീണ അഭിമന്യുവും, ഖദര്‍ ധാരികളുടെ കത്തിമുനയില്‍ വീല്‍ചെയറിലായി ഒടുവില്‍ അടുത്തയിടെ മരണത്തിന് കീഴടങ്ങിയ സൈമണ്‍ ബ്രിട്ടോയുമെല്ലാം ഈ കണക്കില്‍ ഉള്‍പ്പെടും. ഖദര്‍ രാഷ്ട്രീയത്തെ മഹത്വവത്ക്കരിക്കുന്നവര്‍ ഇക്കാര്യം കൂടി ഓര്‍ക്കുന്നത് നല്ലതാണ്.

Team Express Kerala

Top