കെ ശ്രീകാന്ത് ജില്ലാ അധ്യക്ഷന്‍, കാസര്‍കോഡ് ബിജെപിയില്‍ പൊട്ടിത്തെറി

കാസര്‍ഗോഡ്: പുതിയ ജില്ലാ അധ്യക്ഷനെ പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി കാസര്‍ഗോഡ് ഘടകത്തില്‍ പൊട്ടിത്തെറി.നിലവിലെ ജില്ലാ അധ്യക്ഷന്‍ കെ.ശ്രീകാന്തിനെ അതേ സ്ഥാനത്ത് വീണ്ടും നിയമിച്ചതിനാലാണ് കാസര്‍കോഡ് ബിജെപിയില്‍ പൊട്ടിത്തെറിയുണ്ടായത്. തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പിലെ പരാജയ കാരണമടക്കം നിരത്തി സംസ്ഥാന നേതൃത്വത്തിന് താന്‍ കത്ത് നല്‍കിയിരുന്നുവെന്നും ഇതില്‍ തിരുത്തല്‍ നടപടി ഉണ്ടായില്ലെന്നും രവീശതന്ത്രി വെളിപ്പെടുത്തി. മഞ്ചേശ്വരത്തെ തോല്‍വിയുടെ ഉത്തരവാദിത്തം നിലവിലെ നേതൃത്വത്തിനാണെന്നും അദ്ദേഹം പറഞ്ഞു. കെ.ശ്രീകാന്തിനൊപ്പം ജില്ലാ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടയാളാണ് രവീശതന്ത്രി കുണ്ടാര്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലും കുണ്ടാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

ജില്ലയിലെ പാര്‍ട്ടിയില്‍ ഗ്രൂപ്പിസം ആണ് നടക്കുന്നത്. ഗ്രൂപ്പിന്റെ ഭാഗമല്ലാത്തവര്‍ക്ക് വളര്‍ച്ചയില്ലാത്ത അവസ്ഥയാണെന്നും സംഘകുടുബം എന്ന നിലയില്‍ ബിജെപി അംഗമായി താന്‍ തുടരുമെന്നും എന്നാല്‍ സംഘടനാ പ്രവര്‍ത്തനത്തിന് ഇനി ഇല്ലെന്നും രവീശ തന്ത്രി വ്യക്തമാക്കി. ബിജെപി പുനസംഘടനയുടെ ഭാഗമായി നേരത്തെ പത്ത് ജില്ലകളില്‍ പുതിയ ജില്ലാ അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കാസര്‍ഗോഡ്, കണ്ണൂര്‍, കോട്ടയം, എറണാകുളം ജില്ലകളില്‍ തര്‍ക്കം മൂലം പുനസംഘടന നടന്നിരുന്നില്ല. പുതിയ ബിജെപി സംസ്ഥാന അധ്യക്ഷനായി ശനിയാഴ്ച കെ.സുരേന്ദ്രന്‍ ചുമതലയേറ്റതിന് പിന്നാലെ അദ്ദേഹം നേരിട്ട് ഇടപെട്ടാണ് ഇന്ന് കാസര്‍ഗോഡും, കണ്ണൂരും പുതിയ ജില്ലാ അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചത്.

Top