കാസര്‍ഗോഡ് കൊലപാതകക്കേസ് സിബിഐയ്ക്ക് വിടുക ; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ സുധാകരന്‍

കാസര്‍ഗോഡ് : കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ പ്രാദേശിക സിപിഎം നേതാക്കളുടെ പങ്ക് വ്യക്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍.

കേരള പൊലീസിന്റെ അന്വേഷണം ഒരിക്കലും ഗൂഡാലോചനയില്‍ എത്തില്ലെന്നും കൊലപാതകത്തിന്റെ അന്വേഷണം സിബിഐയ്ക്ക് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്നും കെ സുധാകരന്‍ അറിയിച്ചു.

കാസര്‍ഗോഡ് നടന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലിയിലുള്ള കൊലപാതകമാണ്. പ്രത്യേക പരിശീലനം ലഭിച്ചവരാണ് കൊലപാതകം ചെയ്തത്. മനുഷ്യന് ചിന്തിക്കാന്‍ കഴിയുന്നതിന് അപ്പുറത്തേക്കുള്ള ക്രൂരതയാണ് കൊല്ലപ്പെട്ടവരോട് ചെയ്തതെന്നും കെ സുധാകരന്‍ പറഞ്ഞു.

പൊലീസിന് ഭീഷണിയെക്കുറിച്ച് വിവരമുണ്ടായിരുന്നുവെന്നും എന്നാല്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു.

സിപിഎമ്മിന് ആയുധം താഴെ വയ്ക്കാന്‍ പറ്റില്ലെന്നും താലിബാന്‍ പോലും ലജ്ജിക്കുന്ന ക്രൂരതയാണ് നടന്നതെന്നും , കൊലപാതകികള്‍ കൃത്യമായ ആയുധ പരിശീലനം ലഭിച്ചവരാണെന്നും കെ സുധാകരന്‍
വ്യക്തമാക്കി.

Top