കന്നഡ അറിയാത്ത അധ്യാപകന് കന്നഡ മീഡിയം സ്‌കൂളില്‍ നിയമനം; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

കാസര്‍കോഡ്: കന്നഡ അറിയാത്ത അധ്യാപകനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. കന്നഡ സംസാരിക്കാനോ എഴുതാനോ അറിയാത്തയാള്‍ക്ക് കാസര്‍കോട്ടെ കന്നഡ മീഡിയം സ്‌കൂളില്‍ അധ്യാപക നിയമനം നല്‍കിയതിനെതിരെയാണ് പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നത്. മൂഡംബയല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ് നിയമനം ലഭിച്ച അധ്യാപകനെ സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കാതെ പ്രതിഷേധിച്ചത്.

കര്‍ണാടക അതിര്‍ത്തി പ്രദേശമായ മൂഡംബയല്‍ ഗവണ്‍മെന്റ് ഹെസ്‌കൂളില്‍ ഫിസിക്കല്‍ സയന്‍സ് അധ്യാപക തസ്തികയിലേക്ക് കഴിഞ്ഞ ദിവസമാണ് നിയമനം നടന്നത്. മുഴുവന്‍ വിദ്യാര്‍ത്ഥികളും പഠിക്കുന്നത് കന്നഡ ഭാഷയിലാണ്. ഇത്തരം സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് കന്നഡ മീഡിയത്തില്‍ പ്രാവീണ്യം വേണമെന്നാണ് ചട്ടം. കന്നഡ വായിക്കാനോ സംസാരിക്കാനോ അറിയാത്ത അധ്യാപകന് എങ്ങിനെ പഠിപ്പിക്കാനാകുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

കന്നഡ സ്‌കൂളുകളിലേക്ക് മാത്രമായുള്ള തസ്തികയാണിത്. നിയമനം നേടിയതിന് ശേഷം മറ്റു സ്‌കൂളുകളിലേക്ക് മാറുവാനും സാധ്യമല്ല. കന്നഡ അറിഞ്ഞിരിക്കണമെന്ന് വ്യവസ്ഥയിരിക്കെ എങ്ങിനെയാണ് ഇത്തരം നിയമനങ്ങള്‍ നടക്കുന്നതെന്നാണ് ചോദ്യം. നിയമനം റദ്ദാക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

Top