കാസര്‍ഗോഡും പൊന്നാനിയിലും എറണാകുളത്തും കൊല്ലത്തും യു.ഡി.എഫിന് വിജയമുറപ്പിച്ച സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക !

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക പുറത്ത് വന്നിരിക്കുകയാണ്. ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി പട്ടികയല്ല ഇതെന്നത്  ഇടതുപക്ഷ രാഷ്ട്രീയത്തെ വിലയിരുത്തുന്ന ഏതൊരാള്‍ക്കും നിസംശയം പറയാന്‍ സാധിക്കും.രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍  പ്രത്യേകിച്ച് സി.പി.എം എന്ന പാര്‍ട്ടി ദേശീയ തലത്തില്‍ നിലനില്‍പ്പിനായി പൊരുതുന്ന ഒരു തിരഞ്ഞെടുപ്പാണിത്. ദേശീയ പാര്‍ട്ടി പദവി തന്നെ നഷ്ടപ്പെടുന്ന സാഹചര്യവും മുന്നിലുണ്ട്. ഇതെല്ലാം മുന്നില്‍ കണ്ട് പരമാവധി എം.പി മാരെ വിജയിപ്പിക്കേണ്ടത് സി.പി.എമ്മിനെ സംബന്ധിച്ച് അനിവാര്യമാണ്. എന്നാല്‍, ഈ ബോധം  ഇപ്പോള്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗീകാരം നല്‍കിയ പട്ടികയില്‍ കാണാനില്ലന്നതാണ് യാഥാര്‍ത്ഥ്യം.

സി.പി.എം ഉറപ്പായും ജയിക്കേണ്ട ലോകസഭ മണ്ഡലമാണ് കാസര്‍ഗോഡ്. ഈ ലോകസഭ മണ്ഡലത്തില്‍ വിജയ സാധ്യത തീരെയില്ലാത്ത സി.പി.എം നേതാവിനെയാണ് സി.പി.എം കളത്തിലിറക്കിയിരിക്കുന്നത്. കൊല്ലത്ത് നിന്നും വണ്ടി കയറി കാസര്‍ഗോഡ് മണ്ഡലത്തില്‍ അട്ടിമറി വിജയം നേടിയ രാജ് മോഹന്‍ ഉണ്ണിത്താന് വീണ്ടും വിജയം ഉറപ്പിച്ചു നല്‍കുന്ന ഏര്‍പ്പാടാണ് സി.പി.എം ഇവിടെ സ്വീകരിച്ചിരിക്കുന്നത്. സി.പി.എം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണനേക്കാള്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ വിജയസാധ്യത മുന്‍ എം.എല്‍.എ ടി.വി രാജേഷിനും , കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്ക്കുമുണ്ട്. ഇരുവരും കാസര്‍ഗോഡ് ലോകസഭ മണ്ഡലത്തില്‍പ്പെട്ടവരായിട്ടും  സി.പി.എം പരിഗണിക്കാതിരുന്നത്  ഇടതുപക്ഷ പ്രവര്‍ത്തകരെ പോലും അമ്പരപ്പിച്ചിട്ടുണ്ട്.

അതു പോലെ തന്നെ കര്‍ഷക നേതാവും സി.പി.എം കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവുമായ വിജു കൃഷ്ണനെയും പരിഗണിക്കാമായിരുന്നു. എന്നാല്‍ അതും സംഭവിച്ചിട്ടില്ല. കാസര്‍ഗോഡ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കാസര്‍ഗോഡുകാരന്‍ വേണമെന്നതാണ് ന്യായീകരണമെങ്കില്‍ പത്തനംതിട്ടയില്‍ ആലപ്പുഴക്കാരനായ തോമസ് ഐസക്കിനെ നിര്‍ത്തിയതിനും സി.പി.എം നേതൃത്വം മറുപടി പറയേണ്ടി വരും.തിരഞ്ഞെടുപ്പ് എന്നത് ഒരു പോരാട്ടമാണ്. ഇവിടെ ജയമാണ് ലക്ഷ്യമെങ്കില്‍ അതിനാവശ്യമായ മാര്‍ഗ്ഗമാണ് സ്വീകരിക്കേണ്ടത്.

പാര്‍ട്ടി വോട്ടുകളെ പോലെ തന്നെ നിര്‍ണ്ണായകമാണ് സ്ഥാനാര്‍ത്ഥികളുടെ മികവിന് ലഭിക്കുന്ന വോട്ടുകളും. സോഷ്യല്‍ മീഡിയകളുടെ പുതിയ കാലത്ത് വോട്ടര്‍മാരെ സ്വാധീനിക്കുന്ന ഘടകങ്ങളിലും പ്രകടമായ മാറ്റങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്. പ്രത്യയശാസ്ത്രപരമായ യോജിപ്പുള്ളവര്‍ മാത്രമല്ല ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്നത്. അത്തരക്കാരുടെ വോട്ടു കൊണ്ട് മാത്രം  വലിയ ജയങ്ങളും സാധ്യമല്ല. ആ തിരിച്ചറിവ് കമ്യൂണിസ്റ്റ് നേതാക്കള്‍ക്കും ഉണ്ടാവണം. രാജ് മോഹന്‍ ഉണ്ണിത്താന്‍ കാസര്‍ഗോഡ് അട്ടിമറി ജയം നേടിയതില്‍  രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചതും ശബരിമല വിഷയവും പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. 20-ല്‍ 19 സീറ്റുകള്‍ തൂത്ത് വാരാന്‍  യു.ഡി.എഫിനെ സഹായിച്ചതും ഈ ഘടകങ്ങള്‍ തന്നെയാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകുമെന്ന് കണ്ട്  ഇത്തവണ എന്തായാലും കേരളം യു.ഡി.എഫിന് വോട്ട് ചെയ്യാന്‍ പോകുന്നില്ല. അതു പോലെ തന്നെ ശബരിമല വിഷയവും ഈ തിരഞ്ഞെടുപ്പില്‍ ഏശുകയില്ല.

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടാന്‍ പോകുന്നത് നരേന്ദ്ര മോദി സര്‍ക്കാറിനെ ചെറുക്കാനുള്ള ആര്‍ജ്ജവം ആര്‍ക്കാണെന്നതാണ്. കേന്ദ്രത്തില്‍ വീണ്ടും മോദി സര്‍ക്കാര്‍ വരുമെന്ന് ഉറപ്പായതോടെ ഇനി മത ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ നോക്കുക അവര്‍ വസിക്കുന്ന കേരളത്തിന്റെ മണ്ണില്‍ സുരക്ഷിത കരങ്ങള്‍ ഏതാണെന്നതാണ്. അവിടെ തീര്‍ച്ചയായും മേല്‍ക്കോയ്മ ഇടതുപക്ഷത്തിനാണ് ഉണ്ടാവുക. ഇടതിന് അനുകൂലമായ പ്രധാന രാഷ്ട്രീയ സാഹചര്യവും അതു തന്നെയാണ്.ഇടതുപക്ഷത്തിന് എതിരായ രാഷ്ട്രീയ സാഹചര്യം എന്നു പറയാവുന്നത് ഭരണ വിരുദ്ധ വികാരമാണ്. ഭരണ വിരുദ്ധ വികാരത്തെ മോദീ വിരുദ്ധ വികാരം കൊണ്ട് പ്രതിരോധിക്കാനാണ് ഇടതുപക്ഷം നിലവില്‍ ശ്രമിക്കുന്നത്. ഈ ശ്രമം വിജയിപ്പിക്കാന്‍ മുന്‍കൈ എടുക്കേണ്ടതാകട്ടെ സി.പി.എമ്മുമാണ്.

ആ ഉത്തരവാദിത്വം എന്തായാലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അവര്‍ പൂര്‍ണ്ണമായും കാട്ടിയിട്ടില്ല. കാസര്‍ഗോഡ്, പൊന്നാനി ,  എറണാകുളം ഉള്‍പ്പെടെയുള്ള ചില പ്രധാന മണ്ഡലങ്ങള്‍ അതിന് ഉദാഹരണങ്ങളാണ്.അതേസമയം കണ്ണൂരിലും വടകരയിലും മെച്ചപ്പെട്ട സ്ഥാനാര്‍ത്ഥികളെ തന്നെയാണ് സി.പി.എം നിര്‍ത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കണ്ണൂരില്‍ എം.വി ജയരാജനും വടകരയില്‍ കെ.കെ ശൈലജ ടീച്ചര്‍ക്കും വിജയ സാധ്യത ഏറെയാണ്. ജയരാജനെ സി.പി.എം പ്രഖ്യാപിച്ചതോടെ മത്സര രംഗത്ത് നിന്നും പിന്‍മാറുമെന്ന് പറഞ്ഞ കെ. സുധാകരനും നിലപാട് തിരുത്തിയിട്ടുണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കേണ്ടി വരുമെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. വടകരയില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലാതിരുന്ന കെ മുരളീധരനും ഇനി മാറി നില്‍ക്കാന്‍ കഴിയുകയില്ല. കെ.കെ ശൈലജയെ പോലുള്ള ഒരു ജനകീയ നേതാവിനെ നേരിടാന്‍  മുരളിയല്ലാതെ മറ്റൊരു ഓപ്ഷന്‍ ഇനി കോണ്‍ഗ്രസ്സിനു മുന്നിലുമില്ല.

കോഴിക്കോട് മണ്ഡലത്തിലെ സി.പി.എം സ്ഥാനാര്‍ത്ഥിയായ എളമരം കരീമിനും നല്ല മത്സരം കാഴ്ചവെക്കാനുള്ള ശേഷിയുണ്ട്. തുടര്‍ച്ചയായി കോഴിക്കോട് വിജയിച്ചു വരുന്ന സിറ്റിംഗ് എം.പി എം. കെ രാഘവന് ഇത്തവണ കാര്യങ്ങള്‍ എളുപ്പമാവുകയില്ലന്നതും ഉറപ്പാണ്.മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതിലും  സി.പി.എമ്മിന് വലിയ അബദ്ധം പറ്റിയിട്ടുണ്ട്. ഒരിക്കലും ജയിക്കില്ലന്ന് ഉറപ്പുള്ള മലപ്പുറം മണ്ഡലത്തില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വസീഫിനെ മത്സരിപ്പിക്കുന്നത് ആരുടെ താല്‍പ്പര്യമായാലും അത് ഇടതുപക്ഷ പ്രവര്‍ത്തകരുടെ താല്‍പ്പര്യത്തിന് എതിരാണ്. പൊന്നാനിയിലേക്ക് ജില്ലാ ഘടകം ശുപാര്‍ശ ചെയ്ത വസീഫിനെ അവസാന നിമിഷമാണ് മാറ്റി മലപ്പുറത്തേക്ക് നിയോഗിച്ചിരിക്കുന്നത്.

പൊന്നാനിയില്‍ സി.പി.എം ചിഹ്നത്തിൽ മത്സരിക്കാന്‍ വെല്ലുവിളിച്ച ലീഗിന് അതേ നാണയത്തില്‍ മറുപടി നല്‍കാനുള്ള അവസരമാണ് ഇതോടെ നഷ്ടമായിരിക്കുന്നത്. യുവ നേതാവായ വസീഫിന് പൊന്നാനിയില്‍ സൃഷ്ടിക്കാന്‍ കഴിയുമായിരുന്ന ഓളം ലീഗില്‍ നിന്നും പുറത്താക്കപ്പെട്ട കെ.എസ് ഹംസയ്ക്ക് ഉണ്ടാക്കാന്‍ കഴിയുമോ എന്ന കാര്യവും സംശയമാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം  കേവലം പതിനായിരം വോട്ടുകള്‍ക്ക് താഴെ മാത്രമാണ്  പൊന്നാനിയില്‍ യു.ഡി.എഫിന് ലീഡുള്ളത്. ഇവിടെ ഹംസ സ്ഥാനാര്‍ത്ഥിയായാല്‍ ലീഗ് വോട്ടുകള്‍ ഭിന്നിക്കുമെന്ന കണക്കുകൂട്ടല്‍ പോലും തെറ്റാനാണ് സാധ്യത.

ലീഗ് അണികളിലും അനുഭാവികളിലും ഒരു സ്വാധീനവും ഇല്ലാത്ത സ്ഥാനാര്‍ത്ഥിയാണ് കെ.എസ് ഹംസ. അദ്ദേഹത്തെ പുറത്താക്കിയപ്പോള്‍ ലീഗില്‍ ഒന്നും സംഭവിക്കാതിരുന്നതും അതുകൊണ്ടാണ്. ലീഗില്‍ നിന്നും വന്ന് ഇടതു സ്വതന്ത്രമായി മത്സരിച്ച്  പി.കെ കുഞ്ഞാലികുട്ടിയെ മലര്‍ത്തിയടിച്ച് വിജയിച്ച കെടി ജലീലുമായി ഒരിക്കലും ഹംസയെ താരതമ്യം ചെയ്യാന്‍ കഴിയുകയില്ല. ജലീല്‍ ലീഗിന് പുറത്തായപ്പോള്‍ നല്ലൊരു വിഭാഗം ലീഗ് പ്രവര്‍ത്തകരും അനുഭാവികളും അദ്ദേഹത്തോടൊപ്പം നിലയുറപ്പിക്കുകയാണ് ഉണ്ടായത്. മാത്രമല്ല  ലീഗ് നേതൃത്വത്തിനെതിരെ ജലീല്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കും അടിസ്ഥാനമുണ്ടായിരുന്നു.

ഇതെല്ലാം തന്നെ കെ.ടി ജലീലിന്റെ അട്ടിമറി വിജയത്തിന് പിന്നിലെ പ്രധാന കാരണങ്ങളാണ്. സമസ്തയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ ഇടതുപക്ഷത്തിനു ലഭിക്കാന്‍ ഹംസ തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്നില്ലന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. ലീഗിനെയും യു.ഡി.എഫിനെയും പാഠം പഠിപ്പിക്കാന്‍ കിട്ടുന്ന ഒരവസരവും സമസ്തയിലെ ലീഗ് വിരുദ്ധര്‍ പാഴാക്കുകയില്ല. ഇതിന്റെ ഏറ്റവും വലിയ റിസള്‍ട്ട് ലഭിക്കാന്‍ പോകുന്നത് കണ്ണൂര്‍ , വടകര , കോഴിക്കോട് മണ്ഡലങ്ങളില്‍ ആയിരിക്കും. പൊന്നാനി എന്ന ലീഗിന്റെ പൊന്നാപുരം കോട്ട തകർക്കാൻ ശേഷിയുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ സി.പി.എമ്മിനു കഴിയാത്തത് വലിയ വീഴ്ച തന്നെയാണ്. ഹംസ ആരുടെ സ്ഥാനാര്‍ത്ഥിയാണെന്ന ചോദ്യം ഇടത് വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഇപ്പോള്‍ സജീവമാണ്.സി. പി.എം മത്സരിക്കുന്ന പാലക്കാട് , ആലത്തൂര്‍ മണ്ഡലങ്ങളില്‍ മികച്ച സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ് രംഗത്തുള്ളത്. എം.പിയായ ശ്രീകണ്ഠന് തീര്‍ച്ചയായും വലിയ ഭീഷണിയാണ് സി.പി.എം പിബി അംഗമായ വിജയരാഘവന്റെ സ്ഥാനാര്‍ത്ഥിത്വം. ഇവിടെ ചര്‍ച്ചകളില്‍ സജീവമായിരുന്ന എം.സ്വരാജായിരുന്നു സ്ഥാനാര്‍ത്ഥിയെങ്കില്‍ വിജയം കൂടുതല്‍ എളുപ്പമാകുമായിരുന്നു.

പാലക്കാട്ടെ ഈ ആശയകുഴപ്പം പക്ഷേ ആലത്തൂരില്‍ ഇല്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലൂടെ തന്നെ സി.പി.എം ജയിച്ചതായി വിലയിരുത്തപ്പെടുന്ന മണ്ഡലമാണ് ആലത്തൂര്‍. അത്ഭുതം സംഭവിച്ചില്ലങ്കില്‍ മന്ത്രി കെ രാധാകൃഷ്ണന് ഈ മണ്ഡലത്തില്‍ വിജയം ഉറപ്പാണ്. സി. പി. എമ്മിന്റെ സംസ്ഥാനത്തെ ഏറ്റവും ശക്തമായ കോട്ടയായ ആലത്തൂരില്‍ സകലരെയും ഞെട്ടിച്ചാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രമ്യ ഹരിദാസ് അട്ടിമറി വിജയം നേടിയിരുന്നത്. ഈ മണ്ഡലം പിടിച്ചെടുക്കുന്നതിനു വേണ്ടി മാത്രമാണ്  ജനകീയ മന്ത്രിയെ തന്നെ സി.പി.എം കളത്തിലിറക്കിയിരിക്കുന്നത്.ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിയായ മുന്‍ മന്ത്രി സി രവീന്ദ്രനാഥ് മികച്ച പ്രതിച്ഛായ ഉള്ള നേതാവാന്നെങ്കിലും ഈ മണ്ഡലത്തിന്റെ സ്വഭാവത്തിന് അനുസരിച്ച ഒരു സ്ഥാനാര്‍ത്ഥിയായി വിലയിരുത്താന്‍ കഴിയുകയില്ല.

എങ്കിലും വിജയ സാധ്യത തള്ളിക്കളയാന്‍ കഴിയുകയില്ല. സിറ്റിംഗ് എം.പിയായ ബെന്നി ബെഹന്നാനോട് മണ്ഡലത്തിലെ ജനങ്ങള്‍ക്കുള്ള അതൃപ്തി വോട്ടായാല്‍ ചാലക്കുടിയിലും പ്രതീക്ഷയ്ക്കു വകയുണ്ട്.എറണാകുളത്തേ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പക്ഷേ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ സി.പി.എമ്മിന് പിഴച്ചിട്ടുണ്ട്. സെബാസ്റ്റ്യന്‍ പോളിനെ പോലുള്ള ഇടതു സ്വതന്തര്‍ അട്ടിമറി വിജയം നേടിയ മണ്ഡലത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കു പോലും പരിചിതമല്ലാത്ത സ്ഥാനാര്‍ത്ഥിയെയാണ് , സി.പി.എം രംഗത്തിറക്കിയിരിക്കുന്നത്. അദ്ധ്യാപക സംഘടന നേതാവായ കെ ജെ ഷൈന്‍ ആണ് സിറ്റിംഗ് എം.പിയായ ഹൈബി ഈഡനെ നേരിടാനിറങ്ങുന്നത്. ഇതോടെ , എറണാകുളം മണ്ഡലത്തിലെ ഹൈബിയുടെ ഭൂരിപക്ഷത്തെ കുറിച്ച് മാത്രം ചര്‍ച്ച നടത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

അതേസമയം പത്തനംതിട്ടയില്‍ തോമസ് ഐസകിനെയും, ആലപ്പുഴയില്‍ എഎം ആരിഫിനെയും നിര്‍ത്തിയ സി.പി.എം  യു.ഡി.എഫിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. 20-ല്‍ 19 സീറ്റും നഷ്ടമായപ്പോഴും , ഇടതുപക്ഷം വിജയിച്ച മണ്ഡലമാണ് ആലപ്പുഴ. അവിടെ വീണ്ടും ആരിഫ് മത്സരിക്കുമ്പോള്‍ , എതിരാളികളുടെ ആത്മവിശ്വാസമാണ് നഷ്ടമാകുക. പത്തനംതിട്ട സിറ്റിംഗ് എം.പിയായ ആന്റോ ആന്റണിയ്ക്ക് എതിരായ ജനവികാരം വോട്ടായി മാറിയാല്‍ തോമസ് ഐസക്കിന്  യു.ഡി.എഫിന്റെ ഈ കുത്തക സീറ്റില്‍ അട്ടിമറി വിജയം സാധ്യമാകും. ഇടുക്കി എം.പിയായ ഡീന്‍ കുര്യാക്കോസിനെ നേരിടാന്‍ സി.പി.എം നിയോഗിച്ചിരിക്കുന്നത് ജോയ്സ് ജോര്‍ജിനെയാണ്. പഴയ മുഖമാണെങ്കിലും മുന്‍പ് വിജയിച്ച ചരിത്രവും , ക്രൈസ്തവ സഭകളുമായുള്ള അടുപ്പവും ജോയ്സ് ജോര്‍ജിനും പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്.

എൻ കെ പ്രേമചന്ദ്രന്‍ മത്സരിക്കുന്ന കൊല്ലത്ത് നടന്‍ മുകേഷാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. എം.എല്‍.എ എന്ന നിലയിലുള്ള മുകേഷിന്റെ പ്രവര്‍ത്തനത്തില്‍ തന്നെ ജനങ്ങള്‍ക്കിടയില്‍ അതൃപ്തി നിലനില്‍ക്കെ കൊല്ലം പോലുള്ള പ്രസ്റ്റീജ് മണ്ഡലത്തില്‍ മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ഒരു മണ്ടന്‍ തീരുമാനമായേ വിലയിരുത്താന്‍ പറ്റുകയൊള്ളൂ. സി.എസ്.സുജാത ഉള്‍പ്പെടെയുള്ളവര്‍ സാധ്യത ലിസ്റ്റില്‍ ഉണ്ടായിട്ടും അവരെയെല്ലാം ഒഴിവാക്കിയാണ് മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ഇത് ആത്യന്തികമായി സിറ്റിംഗ് എം.പിയായ പ്രേമചന്ദ്രന് ഗുണംചെയ്യാനാണ് സാധ്യത.

പ്രേമചന്ദ്രനെ എങ്ങനെയും തോല്‍പ്പിക്കുമെന്ന് ശപഥം ചെയ്യുന്ന സി.പി.എം നേതാക്കള്‍ ആ വാശി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ എന്തായാലും കാണിച്ചിട്ടില്ല. പാലക്കാട് മണ്ഡലത്തിലെ പരിഗണനാ ലിസ്റ്റില്‍ ഉയര്‍ന്നു കേട്ട എം.സ്വരാജിനെ കൊല്ലത്ത് മത്സരിപ്പിച്ചിരുന്നാല്‍ പോലും പ്രേമചന്ദ്രന്‍ ശരിക്കും പ്രതിരോധത്തിലായിപ്പോവുമായിരുന്നു. എന്നാല്‍ അതും ഒടുവില്‍ സംഭവിച്ചിട്ടില്ല.തോല്‍വി എന്തെന്നറിയാത്ത ജനപ്രതിനിധിയായ അടൂര്‍ പ്രകാശിനെ അട്ടിമറിക്കാന്‍ ആറ്റിങ്ങലില്‍ സി. പി.എം നിയോഗിച്ചിരിക്കുന്നത് സി.പി.എം ജില്ലാ സെക്രട്ടറി വി ജോയിയെ ആണ്. തീര്‍ച്ചയായും മണ്ഡലത്തിനു യോജിച്ച മികച്ച സ്ഥാനാര്‍ത്ഥിയാണ് ജോയി. സിറ്റിംഗ് എം.പിയായ അടൂര്‍ പ്രകാശിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ശക്തമായ മത്സരത്തിനാണ് ഇതോടെ ആറ്റിങ്ങലില്‍ തിരിതെളിഞ്ഞിരിക്കുന്നത്.ബി.ജെ.പി എ ക്ലാസ് മണ്ഡലമായി കാണുന്ന ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ കൂടി മത്സര രംഗത്തിറങ്ങുന്നതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് സാക്ഷ്യം വഹിക്കുക. ഇവിടെയും പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചാല്‍ സി.പി.എം സ്ഥാനാര്‍ത്ഥിക്കാണ് അത് ഗുണം ചെയ്യുക.

സംസ്ഥാനത്തെ 20 ലോകസഭ മണ്ഡലത്തില്‍ മുകളില്‍ സൂചിപ്പിച്ച 15 സീറ്റുകളിലാണ് സി.പി.എം മത്സരിക്കുന്നത്. ബാക്കിയുള്ള 4 സീറ്റുകളില്‍ സി.പി.ഐയും ഒന്നില്‍ കേരള കോണ്‍ഗ്രസ്സുമാണ് മത്സരിക്കുക. സംസ്ഥാന സര്‍ക്കാറിനെതിരായ ജനവികാരം ഉയര്‍ന്നാല്‍, അത് ഇടതുപക്ഷത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും. എങ്കിലും… കഴിഞ്ഞ തിരഞ്ഞടുപ്പില്‍ ലഭിച്ച ഒരു സീറ്റു പോലും ലഭിക്കാത്ത സാഹചര്യം അപ്പോഴും ഉണ്ടാകുകയില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ , സി.പി.എമ്മിന് വിജയസാധ്യത അവകാശപ്പെടാവുന്ന മണ്ഡലങ്ങള്‍ ചാലക്കുടി ,കണ്ണൂര്‍ , വടകര , കോഴിക്കോട് , ആറ്റിങ്ങല്‍, ആലപ്പുഴ , പത്തനംതിട്ട , ആലത്തൂര്‍ , പാലക്കാട്, ഇടുക്കി മണ്ഡലങ്ങളാണ്. ജയ സാധ്യത ഉണ്ടായിരുന്ന കാസര്‍ഗോഡ്, പൊന്നാനി,കൊല്ലം  ഉള്‍പ്പെടെയുള്ള ചില മണ്ഡലങ്ങളില്‍ സി.പി.എം പരാജയപ്പെട്ടാല്‍ ,അതിന്റെ പ്രധാന കാരണം തന്നെ, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പിഴവുകളായിരിക്കും.

EXPRESS KERALA VIEW

Top