പെരിയ കൊലപാതകം; സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ വിധി പറയാന്‍ മാറ്റി

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം എതിര്‍ത്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ വിധി പറയാന്‍ മാറ്റി. സിപിഎമ്മുകാര്‍ പ്രതികളായ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണത്തിന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇനി സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍ നിക്ഷ്പക്ഷവും സത്യസന്ധവുമായ വിചാരണയ്ക്ക് അതേപോലെ തന്നെയുളള അന്വേഷണവും ഉറപ്പാക്കണമെന്ന് വാദത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

കേസ് ഡയറി പോലും പരിശോധിക്കാതെ വിചാരണക്കോടതിയെപ്പോലെയാണ് സിബിഐ അന്വേഷണത്തിന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടതെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. ഇത് തെറ്റായ കീഴ്‌വഴക്കമാണെന്നും സര്‍ക്കാരിനായി ഹാജരായ സുപ്രീംകോടതി അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ വാദിച്ചിരുന്നു.

എന്നാല്‍ പ്രാഥമിക പരിശോധനയില്‍ കുറ്റപത്രത്തില്‍ പോരായമകളുണ്ടെന്ന് വ്യക്തമാണെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ മറുപടി. അതേസമയം കേസ് ഏറ്റെടുത്തെന്നും കോടതിയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും സിബിഐ അറിയിച്ചു.

Top