ഇരട്ടക്കൊലപാതകം: കൃത്യം നടത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

കാസര്‍ഗോഡ്: ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. ആയുധങ്ങള്‍ പീതാംബരന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. വെട്ടാന്‍ ഉപയോഗിച്ച വാളും മര്‍ദിക്കാന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡുകളും ആണ് കണ്ടെത്തിയത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കും.

കൊലപാതകങ്ങള്‍ നടത്തിയത് താന്‍ തന്നെയെന്ന് പീതാംബരന്‍ മൊഴി നല്‍കിയിരുന്നു. ഇരുമ്പ് വടി കൊണ്ടാണ് അടിച്ചു വീഴ്ത്തിയതെന്നും നടന്നത് ക്വട്ടേഷനല്ലെന്നും കൂടാതെ, കഞ്ചാവ് ലഹരിയിലാണ് കൃത്യം നടത്തിയതെന്നുമാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി

അതേസമയം, കേസില്‍ പീതാംബരന്‍ കുറ്റം ചെയ്തിട്ടില്ലെന്നും മറ്റാര്‍ക്കോ വേണ്ടി അത് ഏറ്റെടുക്കുകയായിരുന്നെന്നും വെളിപ്പെടുത്തി ഭാര്യ മഞ്ജു രംഗത്തെത്തി. പീതാംബരന്റെ കൈ ഒടിഞ്ഞിരിക്കുകയായിരുന്നെന്നും അങ്ങനെയുള്ളയാള്‍ക്ക് കൊലപാതകത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും പീതാബരന്റെ മാതാവും പറയുന്നു. ഏതാനും ദിവസം മുന്‍പ് നടന്ന സംഘര്‍ഷത്തിലാണ് പീതാംബരന്റെ കൈ ഒടിഞ്ഞതെന്നാണ് മാതാവ് ചൂണ്ടിക്കാട്ടിയത്. തങ്ങളുടെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായെന്നും ആ സമയം തങ്ങളെ സഹായിക്കാന്‍ ഒരാള്‍ പോലും ഉണ്ടായിരുന്നില്ലെന്നും മഞ്ജു പറയുന്നു.

പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎം നേതാവായ എ. പീതാംബരനടക്കം ആറു പേര്‍ പൊലീസ് കസ്റ്റഡിയിലാണ്. പീതാംബരനും കസ്റ്റഡിയിലുള്ള ആറുപേരും മൊഴിയിലുറച്ചു നില്‍ക്കുകയാണ്. അതേസമയം, മൊഴി പൂര്‍ണമായി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇരട്ടക്കൊലപാതകക്കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് സൂചന.

Top