കാസര്‍ഗോട് ഇരട്ടക്കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കി

കാസര്‍കോട്: കാസര്‍ഗോട് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ച് കുടുംബം പരാതി നല്‍കി. ശരത് ലാലിന്റെയും കൃപേഷിന്റെയും അച്ഛന്മാരാണ് പൊലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് അഡി ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നാണ് കുടുംബം പറയുന്നത്.

അതേസമയം, പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങലും രംഗത്തെത്തിയിരുന്നു. കൊല ചെയ്യപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിച്ചാണ് ഇക്കാര്യം അദ്ദേഹം ആവശ്യപ്പെട്ടത്.

ലോക്കല്‍ പൊലീസ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത് ഫെബ്രുവരി 21നാണ്. അന്വേഷണം തുടങ്ങിയത് ഫെബ്രുവരി 25നും. ഇതില്‍ നിന്നെല്ലാം കേരള പൊലീസ് ഈ കേസിനോട് കാണിക്കുന്ന സമീപനം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രണ്ട് ചെറുപ്പക്കാരായ കുട്ടികളുട കൊലപാതകത്തിലൂടെ വ്യക്തമാകുന്നത് സിപിഎമ്മിന്റെ ഉന്മൂലന സിദ്ധാന്തമാണെന്നും ശിഹാബ് തങ്ങള്‍ കുറ്റപ്പെടുത്തി. കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിച്ച് തങ്ങള്‍ അവരുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

Top