കാസര്‍കോട് ഖാസിയുടെ മരണം കൊലപാതകം എന്ന് റിപ്പോർട്ട്

കാസര്‍കോട്: ചെമ്പരിക്ക ഖാസി സിഎം അബ്ദുള്ള മൗലവലിയുടെ ദുരൂഹ മരണം കൊലപാതകം തന്നെയെന്ന് ആക്ഷന്‍ കമ്മിറ്റി അന്വേഷിക്കാന്‍ നിയോഗിച്ച ജനകീയ അന്വേഷണ കമ്മീഷന്‍. മരണപ്പെട്ട ഖാസിയുടെ സന്തത സഹചാരിയായ ഡ്രൈവര്‍ ഹുസൈനെ ചോദ്യം ചെയ്താല്‍ കൊലപാതകികളെ കണ്ടെത്താനാകുമെന്നും ജനകീയ അന്വേഷണ കമ്മീഷന്‍ ഭാരവാഹികള്‍ കോഴിക്കോട്ട് പറഞ്ഞു.

2010 ഫെബ്രുവരി 15 നാണ് ഖാസി സിഎം അബ്ദുള്ള മൗലവിയെ ചമ്പരിക്ക കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈബ്രാഞ്ചും സിബിഐയും അന്വേഷിച്ചെങ്കിലും മരണം ആത്മഹത്യയാണെന്നായിരുന്നു റിപ്പോര്‍ട്ട്. മരണം ആത്മഹത്യയാണെന്ന് രണ്ട് തവണ സിബിഐ കോടിതിയില്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കോടതി മടക്കി.

അഭിഭാഷകരായ പിഎ പൗരന്‍, എല്‍സി ജോര്‍ജ്ജ്, ടിവി രാജേന്ദ്രന്‍ എന്നിവര്‍ അംഗങ്ങളായ കമ്മീഷനാണ് ഖാസിയുടെ മരണം കൊലപാതകമാണെന്നും ശക്തമായ അന്വേഷണം വേണമെന്നുമുള്ള നിര്‍ദേശം മുന്നോട്ട് വെക്കുന്നത്. മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് എന്ന പേരിലുള്ള സംഘടനയെ അച്ചടക്കത്തോടെ ഖാസി നയിച്ചതില്‍ പലര്‍ക്കും വിരോധമുണ്ടായിരുന്നു. അനാവശ്യചെലവ് വരുത്തുന്നത് തടഞ്ഞതടക്കം പലതും പ്രശ്നമായപ്പോള്‍ ഖാസിയെ കൊന്ന് കടലില്‍ തള്ളിയതാണെന്നും ജനകീയ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നു.

Top