കാസര്‍കോട് 50 പേരില്‍ കൂടുതലുള്ള സമ്മേളനങ്ങള്‍ വിലക്കി ഹൈക്കോടതി

കാസര്‍കോട്: കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ പൊതുയോഗങ്ങള്‍ നടത്തുന്നതിനെതിരെ കേരള ഹൈക്കോടതിയുടെ ഇടപെടല്‍. 50 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന പൊതുയോഗങ്ങള്‍ കേരള ഹൈക്കോടതി വിലക്കി. രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനത്തിന് എന്താണ് പ്രത്യേകതയെന്ന് കോടതി ചോദിച്ചു. നിലവിലെ മാനദണ്ഡം യുക്തിസഹമാണോയെന്നും റിപ്പബ്ലിക്ക് ദിനാചരണത്തിന് 50 പേരെ മാത്രമല്ലേ അനുവദിച്ചതെന്നും കോടതി ചോദിച്ചു. .

കാസര്‍കോട് 36 ശതമാനമാണ് ആശുപത്രിയില്‍ ഉള്ളവരുടെ നിരക്കെന്നും കോടതി ചൂണ്ടിക്കാട്ടി. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ജില്ലാ കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കാസര്‍കോട് ജില്ലയില്‍ ഒരാഴ്ചത്തേക്കാണ് ഉത്തരവ് ബാധകമാവുക. സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്നും ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി.

അതിനിടെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കാസര്‍കോട് ജില്ലാ സമ്മേളനം സിപിഎം വെട്ടിച്ചുരുക്കി. ഇന്ന് തുടങ്ങിയ സമ്മേളനം നാളെ സമാപിക്കും. ഞായറാഴ്ച ലോക്ക്ഡൗണായ സാഹചര്യത്തിലാണ് തീരുമാനമെന്നാണ് പാര്‍ട്ടി നേതൃത്വം അറിയിച്ചത്. നേരത്തെ ജില്ലയില്‍ കളക്ടര്‍ പൊതുയോഗത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഉത്തരവ് പിന്‍വലിച്ചത് സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് വിമര്‍ശനം ഉയരുന്നതിനിടെയാണ് പാര്‍ട്ടി സമ്മേളനം വെട്ടിച്ചുരുക്കിയത്.

കാസര്‍കോട് ജില്ലയിലെ മടിക്കൈയില്‍ ഇന്ന് ആരംഭിച്ച സിപിഎം ജില്ലാ സമ്മേളനം കണക്കാക്കിയാണ് കളക്ടര്‍ തന്റെ തീരുമാനം പിന്‍വലിച്ചതെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ആരോപിച്ചത്. തീരുമാനം രോഗ വ്യാപനം രൂക്ഷമാക്കുമെന്നും സംസ്ഥാന സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കി സമര്‍പ്പിച്ച ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു. സിപിഎം ജില്ലാ സെക്രട്ടറിയും കേസില്‍ എതിര്‍കക്ഷിയാണ്.

Top