കാസര്‍കോട് യുവാവിനെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം

കാസർകോട്: കാസർകോട് തൃക്കരിപ്പൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൊട്ടമ്മൽ വയലോടി സ്വദേശി പ്രിയേഷിനെ (32) ഇന്നലെയാണ് വീടിന് സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്.

വീടിന് സമീപത്തെ പറമ്പിൽ ബൈക്കിന് സമീപം മലർന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ പാന്റ് മാത്രമാണ് ഉണ്ടായിരുന്നത്. ചെളി പുരണ്ട നിലയിലായിരുന്നു. ദേഹമാസകലം ചെറിയ മുറിവുകളും കണ്ടെത്തിയിരുന്നു.

വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിലെ പ്രതികളെ ഉടൻ തന്നെ പിടികൂടാനാകുമെന്നും പൊലീസ് സൂചിപ്പിച്ചു. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണ്. ശീതളപാനീയങ്ങൾ കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവറാണ് പ്രിയേഷ്.

രാത്രി ഒമ്പതരയോടെ ഫോൺകോൾ വന്നതിന് പിന്നാലെയാണ് പ്രിയേഷ് വീട്ടിൽ നിന്നും പോയതെന്നും, അപ്പോൾ ഷർട്ട് ധരിച്ചിരുന്നുവെന്നും വീട്ടുകാർ പറഞ്ഞു. പ്രിയേഷിന്റെ ആന്തരികാവയവങ്ങൾക്ക് മർദ്ദനമേറ്റിട്ടുണ്ട്. അതാകാം മരണകാരണമെന്ന് പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർ പൊലീസിനെ അറിയിച്ചിരുന്നു.

Top