കുട്ടികളെന്ന പരിഗണനയില്ല; റെയിൽപാളത്തിൽ കല്ലുവെക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി കാസർകോട് പൊലീസ്

കാസര്‍കോട്: റെയില്‍പാളത്തില്‍ കല്ലുവെക്കുന്ന കുട്ടികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കെമെന്ന് കാസര്‍കോട് പൊലീസ്. കുട്ടികളായതിനാല്‍ കേസെടുക്കാതെ വെറുതെ വിട്ടെങ്കിലും ഇനി ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഇത്തരത്തിലുള്ള നാല് സംഭവങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

പടന്നക്കാട് റെയില്‍ പാളത്തില്‍ ചെറിയ ജെല്ലി കല്ല് വച്ച സംഭവമാണ് ഏറ്റവും ഒടുവിലത്തേത്. പൊലീസെത്തി അന്വേഷണം നടത്തിയപ്പോള്‍ പിടികൂടിയത് ഏഴ് വയസ് മാത്രം പ്രായമുള്ള രണ്ട് കുട്ടികളെ. കല്ലിന് മുകളിലൂടെ ട്രെയിന്‍ കയറുമ്പോഴുള്ള ശബ്ദവും പുകയും കാണാനാണ് കല്ലുവച്ചതെന്നാണ് കുട്ടികള്‍ നല്‍കിയ മൊഴി.

കുട്ടികളായതിനാല്‍ പൊലീസ് കേസെടുത്തില്ല. ഒരാഴ്ച മുമ്പ് ഇഖ്ബാല്‍ ഗേറ്റില്‍ റെയില്‍പാളത്തില്‍ ചെറിയ കല്ലുകള്‍ വച്ചതും പന്ത്രണ്ട് വയസുള്ള കുട്ടികള്‍. നെല്ലിക്കുന്ന് പള്ളത്തും കളനാടും സമാന സംഭവങ്ങളുണ്ടായി. ഇനി ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിച്ചാല്‍ കുട്ടികളാണെന്ന പരിഗണന നല്‍കില്ലെന്നാണ് പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്.

റെയില്‍പാളത്തിന് സമീപത്തുള്ള വീടുകളില്‍ പൊലീസ് ബോധവത്ക്കരണം നടത്തിയിരുന്നു. എന്നിട്ടും നിരന്തരം ഇത്തരം നിയമ ലംഘനങ്ങള്‍ ഉണ്ടാകുന്നത് ന്യായീകരിക്കാനാവില്ലെന്ന് അധികൃതര്‍ പറയുന്നു. കുട്ടികളെ കളിക്കാന് വിടുമ്പോള്‍ അവര്‍ എവിടെയാണെന്നും എന്താണ് ചെയ്യുന്നതെന്നും നിരീക്ഷിക്കണമെന്നാണ് റെയില്‍പാളത്തിന് സമീപം വീടുകളുള്ള മാതാപിതാക്കളോട് പൊലീസിന്റെ നിര്‍ദേശം.

Top