ഇരട്ടക്കൊലപാതകം; സിബിഐ അന്വേഷണം വേണം,കുടുംബം ഹൈക്കോടതിയിലേയ്ക്ക്

കാസര്‍ഗോട്: കാസര്‍ഗോഡ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കും.

സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായിട്ടാണ് കുടുംബം മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നല്‍കുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതിനായി കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം നിയമോപദേശം തേടുകയും ചെയ്തു.

അതേസമയം, ഇരട്ടക്കൊലപാതകകേസ് ഇന്നാണ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. നിലവിലെ അന്വേഷണ സംഘം കേസ് രേഖകളും ഫയലുകളും ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറും. പൊലീസ് കസ്റ്റഡിയില്‍ ഉള്ള ഒന്നാം പ്രതി എ പീതാംബരന്റേയും രണ്ടാം പ്രതി സജി ജോര്‍ജിന്റേയും കസ്റ്റഡി കാലവധി ഇന്ന് തീരും.

അന്വേഷണം ഏറ്റെടുക്കാനിരിക്കെ ക്രൈം ബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം കാസര്‍ഗോഡ് എത്തിയിരുന്നു. മലപ്പുറം ഡി.വൈ.എസ്.പി എ.പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രാഥമിക പരിശോധനകള്‍ നടത്തി മടങ്ങി.

ഫെബ്രുവരി 17 നാണ് കല്യോട്ടിനടുത്ത് ഇരട്ടക്കൊല നടന്നത്. ജീപ്പിലെത്തിയ സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കേസില്‍ ഇതുവരെ ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സി പി എം പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ പീതാംബരന്‍, സജി ജോര്‍ജ്, ഏച്ചിലടുക്കം സ്വദേശി സുരേഷ്, ഗിജിന്‍, ശ്രീരാഗ്, ഓട്ടോ ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരും 19 വയസുകാരന്‍ അശ്വിനുമാണ് അറസ്റ്റിലായത്.

Top