കാസർകോട്ടെ പ്രവാസിയുടെ കൊലപാതകം: മൂന്നുപേർ കൂടി അറസ്റ്റിൽ

പ്രവാസിയായ അബൂബക്കർ സിദ്ദീഖിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. റിയാസ് ഹസ്സൻ, അബ്ദുറസാഖ്, അബൂബക്കർ സിദ്ദിഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയവരാണ് ഇപ്പോൾ പിടിയിലായത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായവരെ കണ്ടെത്താൻ ബംഗളൂരു, പൂനെ, ഗോവ, മുംബൈ എന്നിവിടങ്ങളിൽപൊലീസ് അന്വേഷണം നടത്തുന്നുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേർ വിദേശത്തേക്ക് കടന്നതായാണ് വിവരം. ഒരാൾ നേപ്പാൾ വഴിയും മറ്റൊരാൾ ബംഗളൂരു വഴിയുമാണ് വിദേശത്തേക്ക് കടന്നത്.
നേരത്തെ സിദ്ദിഖിന്റെ സുഹൃത്തും മൃതദേഹം ആശുപത്രിയിൽ എത്തിച്ച വാഹനത്തിന്റെ ഉടമയും പിടിയിലായിരുന്നു. പൈവളിഗയിലെ പത്തംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കൊലപാതകത്തിന് നേതൃത്വം നൽകിയത് മൂന്നംഗ സംഘമാണെന്നും പൊലീസ് വ്യക്തമാക്കി. റയീസ്, നൂർഷ, ഷാഫി എന്നിവരാണ് കൊലക്ക് പിന്നിൽ. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോയത്.

Top