സ്വയം നിർമ്മിത വാക്‌സിനുപയോഗിച്ച് കസാഖിസ്താൻ

നൂർസുൽത്താൻ: ലോകരാജ്യങ്ങളുടെ  സഹായത്തിനു കാത്തുനിൽക്കാതെ വാക്‌സിൻ ഉൽപ്പാദിപ്പിച്ച് കസാഖിസ്താൻ. സ്വയം നിർമ്മിച്ച ക്വാസ് വാക് എന്ന വാക്‌സിനാണ് ജനങ്ങൾക്ക് നൽകുന്നത്. ഇന്നലെ മുതലാണ് വാക്‌സിൻ നൽകിത്തുടങ്ങിയത്.

ചൈനയും റഷ്യയും വാക്‌സിൻ നിർമ്മിച്ച് എത്തിച്ചെങ്കിലും സ്വന്തം വാക്‌സിനെന്ന കാര്യത്തിൽ അതീവ ശ്രദ്ധയോടെ കസാഖിസ്താൻ മുന്നോട്ട് പോവുകയായിരുന്നു. ആരോഗ്യ മന്ത്രി അലെക്‌സേ സോയി സ്വയം വാക്‌സിൻ സ്വീകരിച്ചുകൊണ്ടാണ് പൊതുസമൂഹത്തിന് ആത്മവിശ്വാസം നൽകിയത്. കസാഖിസ്താന്റെ വൈറോളജി ഗവേഷണ സ്ഥാപനമായ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കൽ സേഫ്റ്റി പ്രോബ്ലം എന്ന സ്ഥാപനമാണ് വാക്‌സിൻ നിർമ്മിച്ചത്. രണ്ടു മുതൽ 8 ഡിഗ്രി വരെ താപനിലയിൽ സൂക്ഷിക്കേണ്ട തരത്തിലാണ് വാക്‌സിന്റെ നിർമ്മിതി.

ആദ്യ ഘട്ടമായി അരലക്ഷം വാക്‌സിനാണ് രാജ്യത്തെ വാക്‌സിനേഷൻ കേന്ദ്രങ്ങൾക്ക് നൽകിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ റഷ്യയുടെ വാക്‌സിനായ സ്പുട്നിക് എത്തിച്ചിരുന്നു. ഇതുവരെ 1.87കോടി പേർക്കാണ്  കൊറോണ പിടിപെട്ടത്. മരണസംഖ്യ ഇതുവരെ 3315 ആണ്.

Top