കസബ വിവാദത്തില്‍ സ്വന്തം ആരാധകനെ കൈവിട്ടതിന് മമ്മൂട്ടി’വെള്ളം’ കുടിക്കുന്നു . . !

mammootty_kasaba

കൊച്ചി: കസബ വിവാദത്തില്‍ നടി പാര്‍വതിയുടെ പരാതിയില്‍ മമ്മൂട്ടിയുടെ ആരാധകനെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ മെഗാസ്റ്റാര്‍ നടത്തിയ പ്രതികരണം അദ്ദേഹത്തിനു തന്നെ തിരിച്ചടിയാകുന്നുവോ ?

അടുത്ത കാലത്ത് ഇറങ്ങിയ മമ്മൂട്ടി സിനിമകളില്‍ മികച്ച സിനിമയായിട്ടും സ്ട്രീറ്റ് ലൈറ്റിന് പ്രതീക്ഷിച്ച തള്ളി കയറ്റം തിയറ്ററുകളില്‍ ഉണ്ടാകാത്തതിന് കാരണം ഇതാണെന്നാണ് മമ്മൂട്ടിയുടെ ഒരു വിഭാഗം ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

കസബ വിവാദത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെ സ്ത്രീവിരുദ്ധ കഥാപാത്രമായി വിമര്‍ശിച്ച പാര്‍വതിക്കെതിരെ ആരാധകരില്‍ നിന്നും സിനിമാ മേഖലയില്‍ നിന്നും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. നടിയായ പാര്‍വതിക്ക് പോലും സിനിമയെ സിനിമയായി കാണാന്‍ പറ്റാത്തതാണ് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നത്.

ഈ സംഭവത്തെ തുടര്‍ന്ന് പാര്‍വതി സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ വടക്കാഞ്ചേരി സ്വദേശിയായ യുവാവിനെ പൊലീസ് വീട് വളഞ്ഞ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയിരുന്നു. ജാമ്യക്കാരന്‍ ഇല്ലാത്തതിനാല്‍ ഒരു ദിവസം ഇയാള്‍ക്ക് ജയിലില്‍ കിടക്കേണ്ടിയും വന്നു

ഈ സംഭവത്തിന് തൊട്ടുപിന്നാലെ തനിക്കു വേണ്ടി പ്രതികരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞ് മമ്മുട്ടി രംഗത്ത് വന്നിരുന്നു. ഈ നിലപാട് കസബ വിവാദത്തിന്റെ തുടക്കത്തില്‍ മമ്മൂട്ടി പറഞ്ഞിരുന്നുവെങ്കില്‍ കൂലി പണിക്കാരനായ യുവാവ് അടക്കമുള്ളവര്‍ക്ക് കമന്റിടേണ്ട ആവശ്യമോ ജയിലില്‍ പോകേണ്ട അവസ്ഥയോ ഉണ്ടാകുമായിരുന്നില്ലെന്ന വിമര്‍ശനം ആരാധകരില്‍ നിന്നും അന്നുതന്നെ ഉയര്‍ന്നിരുന്നു.

മമ്മൂട്ടിയുടെ ‘അവസരവാദ’പരമായ നിലപാടില്‍ പ്രതിഷേധിച്ചാണ് ഇപ്പോള്‍ ഒരു വിഭാഗം ആരാധകര്‍ സ്ട്രീറ്റ് ലൈറ്റില്‍ നിന്നും പിന്നോട്ടടിച്ചതത്രെ. ആദ്യ മൂന്ന് ദിവസം സൂപ്പര്‍ താരങ്ങളുടെ ആരാധകരാണ് തിയറ്ററുകള്‍ കയ്യടക്കി തരംഗം സൃഷ്ടിക്കാറ്. ഈ ഓളം സിനിമയുടെ വിജയത്തിനും നിര്‍ണായക ഘടകമായി മാറാറുണ്ട്. എന്നാല്‍ സാധാരണ മമ്മൂട്ടി ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോള്‍ കാണുന്ന ആ തരംഗമോ ആവേശമോ ഇപ്പോള്‍ തിയറ്ററുകളില്‍ കാണുന്നില്ലന്ന് തിയറ്റര്‍ ഉടമകളും ചൂണ്ടിക്കാട്ടുന്നുണ്ട്.

മോഹന്‍ലാലിന്റെ മകന്‍ നായകനായി അരങ്ങേറുന്ന ‘ആദി’ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളിലാവട്ടെ മോഹന്‍ലാല്‍ ഫാന്‍സിന്റെ നല്ല തിരക്കുണ്ട്. സിനിമ പ്രതീക്ഷിച്ചത് പോലെ നിലവാരം പുലര്‍ത്തിയിട്ടില്ലെങ്കിലും മോഹന്‍ലാലിന്റെ മകന്റെ അരങ്ങേറ്റം ഗംഭീരമാക്കണമെന്ന് തിരിമാനിച്ചുറച്ച് ലാല്‍ ഫാന്‍സ് അരയും തലയും മുറുക്കി ഇറങ്ങിയതാണ് ഈ തള്ളി കയറ്റത്തിനു കാരണം.

ഇവിടെയാണ് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ശക്തമായ സംവിധാനമുണ്ടായിട്ടും മമ്മൂട്ടിക്ക് കാലിടറിയത്. തങ്ങള്‍ ഇപ്പോഴും മമ്മൂട്ടിയെ സ്‌നേഹിക്കുന്നുവെന്നും എന്നാല്‍ സ്വന്തം കുടുംബത്തേക്കാള്‍ മമ്മൂക്കയെ സ്‌നേഹിക്കുന്നത് അദ്ദേഹം തിരിച്ചറിയാത്തതിലുള്ള വിഷമം കൊണ്ടാണ് ഇപ്പോള്‍ രണ്ടടി പിന്നോട്ട് വെയ്ക്കുന്നതെന്നുമാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്.

തങ്ങള്‍ ഒരു ഫാന്‍സ് അസോസിയേഷനിലും അംഗമല്ലെന്നും മമ്മൂട്ടിയുടെ ആരാധകരായി ഇപ്പോഴത്തെപ്പോലെ നാളെയും തുടരുമെന്നും അവര്‍ വ്യക്തമാക്കി. ആരാധകരെ തള്ളി പറഞ്ഞ മമ്മൂട്ടിക്ക് സ്ട്രീറ്റ് ലൈറ്റിലൂടെ ഒരു ഷോക്ക് ട്രീറ്റ് മെന്റ് മാത്രമാണ് ഇവര്‍ ഉദ്ദേശിക്കുന്നതത്രേ

Top