ഒരു യുവാവ് അകത്തായപ്പോള്‍ മമ്മുട്ടി വാ തുറന്നു, ആരാധകരെ തളളിപ്പറയാന്‍

കൊച്ചി:കസബ വിവാദത്തില്‍ പ്രതികരിച്ച് നടന്‍ മമ്മൂട്ടി രംഗത്ത്.തനിക്കായി പ്രതികരിക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ആവിഷ്‌കാര സ്വാതന്ത്ര്യം പോലെതന്നെ പ്രധാനമാണ് അഭിപ്രായ സ്വാതന്ത്ര്യമെന്നും മമ്മൂട്ടി പറഞ്ഞു.

വിവാദത്തിന്റെ പുറകെ താന്‍ പോകാറില്ല. നമുക്കു വേണ്ടത് അര്‍ഥവത്തായ സംവാദങ്ങളാണ്. സ്വതന്ത്രവും സഭ്യവുമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നമ്മളെല്ലാം നിലകൊള്ളേണ്ടത്. തനിക്കു വേണ്ടി പ്രതികരിക്കാനോ പ്രതിരോധിക്കാനോ ആരേയും ഇന്നേവരെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കസബയിലെ വിഷയത്തെക്കുറിച്ച് വിമര്‍ശനമുണ്ടായ ദിവസം തന്നെ പാര്‍വതി ഇക്കാര്യം തന്നെ അറിയിച്ചിരുന്നു. ഇതൊന്നും സാരമാക്കേണ്ടതില്ലെന്ന് അന്നുതന്നെ താന്‍ പാര്‍വതിയെ ആശ്വാസിപ്പിച്ചിരുന്നു. എന്നാല്‍ വിദേശയാത്രകളിലും മറ്റ് തിരക്കുകളിലും ആയത് കൊണ്ടാണ് ഇക്കാര്യത്തില്‍ പ്രതികരിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടി ചിത്രമായ കസബയെ പാര്‍വതി ഐഎഫ്എഫ്കെയുടെ ഓപ്പണ്‍ ഫോറത്തില്‍ വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്ന് തനിക്കെതിരേ വ്യാപകമായ സൈബര്‍ ആക്രമണം നടന്നതായി കാണിച്ച് പാര്‍വതി നല്‍കിയ പരാതിയില്‍ ഒരാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. പരാതിയില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്. പരാതിക്കൊപ്പം നടി നല്‍കിയ 23 പേരുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Top