കെഎഎസ് പരീക്ഷ എഴുതാന്‍ പോകുന്നവര്‍ക്ക് ആശംസയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കുള്ള പി എസ് സി പരീക്ഷ നാളെ. പരീക്ഷ എഴുതുന്ന എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും മുഖ്യമന്ത്രി പിണറആയി വിജയന്‍ ആശംസകള്‍ അര്‍പ്പിച്ചു. കേരളത്തിന്റെ സ്വന്തം അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിനു വേണ്ടിയുള്ള വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു വിരാമം ആവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തടസ്സങ്ങളെല്ലാം നീക്കി കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) ആരംഭിക്കുമെന്ന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം യാഥാര്‍ഥ്യമാവുകയാണ്.

4 ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികള്‍ സംസ്ഥാനത്തെ 1535 കേന്ദ്രങ്ങളിലായി കെഎഎസിന്റെ പ്രാഥമിക പരീക്ഷ നാളെ എഴുതാന്‍ പോവുകയാണ്. രണ്ടു പേപ്പറുകള്‍ അടങ്ങിയ പ്രാഥമിക പരീക്ഷ, രാവിലെയും ഉച്ചയ്ക്കും രണ്ടു ഘട്ടമായാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചരിത്രവും ശാസ്ത്രവും സമകാലിക സംഭവങ്ങളും ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അറിവും, ഭാഷനൈപുണ്യവും പരിശോധിക്കാന്‍ ഉതകുന്ന തരത്തിലാണ് ചോദ്യങ്ങള്‍ തയ്യാറാക്കപ്പെട്ടിരിക്കുന്നത്.

ഇതിന്റെ ഫലം അറിവായതിനു ശേഷമാണ് സിവില്‍ സര്‍വീസ് പരീക്ഷയിലേതുപോലെ മെയിന്‍സ് പരീക്ഷയും അഭിമുഖവുമുള്‍പ്പെടെയുള്ള അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുന്നത്. 2018ല്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് രൂപീകരിച്ചതിനു ശേഷം നടത്തുന്ന ആദ്യത്തെ പരീക്ഷയാണിത്. എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കട്ടെയെന്നും വിജയാശംസകള്‍ നേരുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

Top