കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് നടന്നത് സിപിഐഎമ്മിന്റെ അറിവോടെ; വിമർശനവുമായി വി മുരളീധരൻ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഐഎമ്മിനെതിരെ അതിരൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഉന്നതരെ രക്ഷിക്കാൻ പാവങ്ങളെ ബലിയാടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭീമമായ തട്ടിപ്പിൽ എ.സി മൊയ്തീനെ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ, സിപിഐഎം പറഞ്ഞത് കേന്ദ്രം വേട്ടയാടുന്നു എന്നാണ് എന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്ന് ഡയറക്ടർ ബോർഡ് അംഗങ്ങൾ തന്നെ സമ്മതിക്കുന്നു. സിപിഐഎമ്മിലെ മുതിർന്ന നേതാവിനെ രക്ഷിക്കാൻ ഭരണസമിതിയിലെ പാവപ്പെട്ടവരെ ബലിയാടാക്കുന്നുവെന്ന് ഡയറക്ടർ ബോർഡ് അംഗം തന്നെ വെളിപ്പെടുത്തി. പി.കെ ബിജുവിനെയും കൗൺസിലർമാരെയും രക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് പറഞ്ഞത് ബിജെപിക്കാരല്ലെന്നും പാർട്ടിയോട് കൂറുള്ള ഭരണസമിതി അംഗങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ പങ്ക് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ഇനി കേന്ദ്രം വേട്ടയാടുന്നു എന്ന് കാപ്സ്യൂൾ പറയരുത്. പാവപ്പെട്ടവരുടെ മുഴുവൻ ജീവിതം താറുമാറാക്കിയ പാർട്ടിയായി സിപിഎമ്മിനെ നാളെകളിൽ കാണും. കരുവന്നൂരിലെ തട്ടിപ്പിലൂടെ ലഭിച്ച പണം സംസ്ഥാന നേതൃത്വത്തിനാണ് ലഭിച്ചത്.

പാർട്ടി തീരുമാനിക്കുന്ന കാര്യങ്ങളാണ് നടപ്പാക്കുക. പാർട്ടി തീരുമാനം നടപ്പാക്കാൻ വേണ്ടിയുള്ള ആളുകളാണ് പൊതുപദവികൾ വഹിക്കുന്നവർ. അതുകൊണ്ട് തന്നെ ഡയറക്ടർ ബോർഡ് അംഗങ്ങൾ പറയുന്നത് അവിശ്വസിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Top