കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; ഭരണസമിതി അംഗങ്ങളെ ഇന്ന് ചോദ്യം ചെയ്യും

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് ക്രമക്കേടില്‍ ഭരണസമിതി അംഗങ്ങളെ ഇന്ന് ചോദ്യം ചെയ്യും. തൃശൂര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ രാവിലെ നേരിട്ട് ഹാജരാകാന്‍ മൂന്ന് അംഗങ്ങള്‍ക്ക് അന്വേഷണ സംഘം നിര്‍ദേശം നല്‍കി. ബാങ്ക് ഡയറക്ടര്‍മാരോട് നേരില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മുന്‍ ഭരണസമിതിയുടെ കാലത്താണ് ക്രമക്കേട് നടന്നതെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ആ ഭരണസമിതിയുടെ കാലത്തെ മൂന്ന് പേര്‍ നിലവില്‍ ഉണ്ടായിരുന്ന ഭരണസമിതിയിലുമുണ്ട്. ഈ ഭരണസമിതിയുടെ നേതൃത്വത്തിലായിരുന്നു പരാതി നല്‍കിയത്. ഭരണസമിതിയുടെ അറിവില്ലാതെ വായ്പകള്‍ അനുവദിക്കാനാവില്ലെന്നാണ് ചട്ടം. മുന്നൂറ് കോടിയില്‍പ്പരം രൂപയുടെ അഴിമതിയാണ് കരുവന്നൂര്‍ ബാങ്കില്‍ നടന്നത്. എസ് പി സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കോടികളുടെ വായ്പാത്തട്ടിപ്പില്‍ സിപിഎം പ്രതിരോധത്തിലായ പശ്ചാത്തലത്തില്‍ ഇന്ന് തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അടിയന്തര യോഗം ചേരും. ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് യോഗം. തട്ടിപ്പില്‍ ഉള്‍പ്പെട്ട പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെയുള്ള നടപടിയും യോഗം ചര്‍ച്ച ചെയ്യും.

Top