കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഭരണസമിതിയുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് വി.എന്‍ വാസവന്‍

VNVASAVAN

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ നിയമിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയെന്ന് സഹകരണ മന്ത്രി വി.എന്‍ വാസവന്‍. ഭരണസമിതിയുടേയും ഉദ്യോഗസ്ഥരുടേയും ഭാഗത്ത് നിന്ന് വലിയ വീഴ്ചകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടിലുണ്ടെന്ന് മന്ത്രി പറഞ്ഞു. അഴിമതിയുമായി ബന്ധപ്പെട്ട് നടപടി ഉടന്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

കരുവന്നൂര്‍ ബാങ്കില്‍ എന്തൊക്കെ ക്രമക്കേടുകളാണ് നടന്നിട്ടുള്ളത്?, അതിന്റെ വ്യാപ്തി എത്രത്തോളം ഉണ്ട്?, ആരൊക്കെയാണ് അതിന് ഉത്തരവാദികള്‍?, എത്ര കാലമായി ഇത് തുടങ്ങിയിട്ട് തുടങ്ങിയ കാര്യങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ പരിശോധിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടത്. ഉന്നത സമിതി ആദ്യ റിപ്പോര്‍ട്ട് ഇന്നലെ രാത്രി തന്നെ ഏല്‍പ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ച് ആവശ്യമായ നടപടികള്‍ എടുക്കുമെന്ന് മന്ത്രി അറിയിച്ചു.

തുടര്‍ നടപടി പൂര്‍ണ്ണമായുള്ള റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം എടുക്കും. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഭരണസമിതിയുടേയും ജീവനക്കാരുടേയും ഉദ്യോഗസ്ഥരുടേയും വീഴ്ചകള്‍ പറയുന്നുണ്ട്. പരിശോധിച്ച് ഇതില്‍ വേണ്ട നടപടി ചെയ്യും. യു.ഡി.എഫ് ഭരണകാലത്തും എല്‍.ഡി.എഫ് ഭരണകാലത്തും വീഴ്ചകളുണ്ടായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ന് ചേരുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നടപടിക്രമങ്ങള്‍ ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Top