തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജോയിന്റ് രജിസ്ട്രാര്‍. സഹകരണ രജിസ്ട്രാര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സഹകരണ രജിസ്ട്രാര്‍ ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും നടപടി. ബാങ്കില്‍ നടന്നത് ഗുരുതര ക്രമക്കേടാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കരുവന്നൂര്‍ സഹകരണ ബാങ്ക് അഴിമതിയില്‍ പ്രാഥമിക വിവരങ്ങള്‍ പൊലീസില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തേടിയിട്ടുണ്ട്. 200 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിലയിരുത്തല്‍. കോടികണക്കിന് രൂപയുടെ കള്ള പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിവരം ലഭിച്ചു.
ബിജു കരിം, സുനില്‍കുമാര്‍, ജില്‍സ് എന്നിവരുടെ ബിനാമി ഇടപാടുകളും ഇ.ഡി പരിശോധിക്കുന്നുണ്ട്. ഒരു കുടുംബത്തിലെ തന്നെ നാല് പേര്‍ക്ക് വരെ 1 കോടി 20 ലക്ഷം രൂപയുടെ വായ്പ നല്‍കിയത് ബിനാമി ഇടപാടെന്ന് സംശയിക്കുന്നു. പ്രതികള്‍ നടത്തിയിരുന്ന തേക്കടി റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിനെ കുറിച്ചും, സിഎംഎം ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെ കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.