കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; നാല് ഭരണസമിതി അംഗങ്ങള്‍ അറസ്റ്റില്‍

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഭരണസമിതി അംഗങ്ങളായ നാല് സിപിഎം നേതാക്കള്‍ അറസ്റ്റില്‍. ബാങ്ക് പ്രസിഡന്റ് കെ.കെ. ദിവാകരന്‍ ഉള്‍പ്പെടെയുള്ളവരെയാണ് ക്രൈംബ്രാഞ്ച് ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.

ഭരണസമിതി അംഗങ്ങളുടെ അറസ്റ്റ് നടക്കുന്നില്ലെന്നും പാര്‍ട്ടി തലത്തില്‍ സമ്മര്‍ദ്ദമുണ്ടെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ശക്തമായി നിലനില്‍ക്കുകയും കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അറസ്റ്റ്.

ബാങ്ക് പ്രസിഡന്റായിരുന്ന കെ.കെ. ദിവാകരന്‍, ജോസ് ചക്രംപള്ളി, ബൈജു ടി.എസ്, ലളിതന്‍ വി.കെ. എന്നിവരാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് 12 ഭരണസമിതി അംഗങ്ങളെയാണ് നിലവില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പ്രധാന പ്രതികളിലൊരാളായ കിരണിനെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്.

Top