കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് നാളെ ഇഡിക്ക് മുന്നില്‍ ഹാജരായേക്കും

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് നാളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായേക്കും. നാളെ ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും, സമയം നീട്ടി നല്‍കണമെന്ന ആവശ്യം വര്‍?ഗീസ് അറിയിച്ചിരുന്നെങ്കിലും ഇഡി അംഗീകരിച്ചിരുന്നില്ല. നാളെ തന്നെ ഹാജരാകണമെന്നും ഇഡി അറിയിച്ചു. കഴിഞ്ഞ ഏഴാം തിയതിയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയത്. എന്നാല്‍ അസൗകര്യം അറിയിച്ച് കഴിഞ്ഞ ദിവസമാണ് വര്‍ഗീസ് ഇഡിക്ക് മെയില്‍ അയച്ചത്.

അതേസമയം, കരുവന്നൂര്‍ കേസില്‍ പ്രതികള്‍ക്ക് കുറ്റപത്രത്തിന്റെ ഡിജിറ്റല്‍ കോപ്പി നല്‍കാന്‍ ഇ ഡി നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു. ഇത് ആദ്യമായാണ് ഒരു കേസില്‍ കുറ്റപത്രം ഡിജിറ്റല്‍ പകര്‍പ്പായി നല്‍കാന്‍ കോടതി അനുമതി നല്‍കുന്നത്. 26000 പേജില്‍ ആണ് ആദ്യഘട്ട കുറ്റപത്രം. 50 പ്രതികള്‍ക്ക് പകര്‍പ്പ് നല്‍കാന്‍ 17 ലക്ഷം രൂപ ചെലവ് വരും. ഇത് കൂടി കണക്കില്‍ എടുത്താണ് തീരുമാനം.

കരുവന്നൂര്‍ കള്ളപ്പണ കേസില്‍ ഇഡി കസ്റ്റഡിയിലെടുത്ത മുഴുവന്‍ രേഖകളും വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തൃശ്ശൂര്‍ യൂണിറ്റ് ഹര്‍ജി നല്‍കിയിരുന്നു. ഇഡി റെയ്ഡ് ചെയ്ത് പിടികൂടി ഫയലുകള്‍ കസ്റ്റഡിയിലെടുത്ത് മഹസറിന്റെ ഭാഗമാക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. എന്നാല്‍ ഇത് നല്‍കാന്‍ കഴിയില്ലെന്നാണ് ഇഡി നിലപാട്. നിക്ഷേപകര്‍ ബാങ്കിന് മുന്നില്‍ യാചിക്കുമ്പോള്‍ തമ്മിലടിക്കുകയല്ല വേണ്ടതെന്നും ക്രൈംബ്രാഞ്ച് ആവശ്യം അപക്വമാണെന്നും രേഖകള്‍ വിട്ടുനല്‍കണമെന്ന ഹര്‍ജിയില്‍ ഇഡി മറുപടി നല്‍കിയിരുന്നു. നിലവില്‍ 55 പേരുടെ അന്വഷണം പൂര്‍ത്തിയായി. ഇനിയും പ്രധാന പ്രതികളിലേക്ക് അന്വേഷണം നടക്കേണ്ടതുണ്ട്. അതിനാല്‍ രേഖകള്‍ വിട്ട് നല്‍കാന്‍ കഴിയില്ല. ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ രീതിയിലാണെങ്കില്‍ സഹായം ചെയ്യാന്‍ ഒരുക്കമാണെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്.

Top