കരുണാകരന്‍ കോണ്‍ഗ്രസ് വിടാന്‍ കാരണം കെ മുരളീധരന്‍; പത്മജ വേണുഗോപാല്‍

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെയും സഹോദരന്‍ കെ മുരളീധരനെതിരെയും രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍. കരുണാകരന്‍ കോണ്‍ഗ്രസ് വിടാന്‍ കാരണം കെ മുരളീധരന്‍ ആണെന്നും അച്ഛനെ മുരളീധരന്‍ ഭീഷണിപ്പെടുത്തിയെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. എന്നെ ചൊറിഞ്ഞാല്‍ പലതും പറയും. എല്ലാവരുടെ ചരിത്രവും എനിക്കറിയാമെന്നും പത്മജ കൂട്ടിചേര്‍ത്തു.

തൃശ്ശൂരില്‍ മത്സരത്തിനിറങ്ങുന്ന മൂന്നുപേരും നല്ല സ്ഥാനാര്‍ത്ഥികള്‍ ആണ്. രാഷ്ട്രീയം രാഷ്ട്രീയമായി കാണാന്‍ മുരളീധരന്‍ പഠിക്കണം. എന്നാലേ മുരളീധരന്‍ രക്ഷപ്പെടൂ. മുരളീധരന്‍ തള്ളിപ്പറഞ്ഞപ്പോള്‍ മാനസിക പ്രയാസം ഉണ്ടായിട്ടില്ലെന്നും പത്മജ പറഞ്ഞു. മുരളീധരനെ തനിക്കറിയാം. സ്വഭാവം എന്താണെന്ന് അറിയുന്നത് കൊണ്ട് വാക്കിന് വില നല്‍കിയിട്ടില്ല. മന്ത്രിസ്ഥാനം കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് വടകരയില്‍ മുരളിധരന്‍ മത്സരിച്ചത്. മുരളീധരന്റെ ലക്ഷ്യം വട്ടിയൂര്‍ക്കാവ് ആണ്. തൃശ്ശൂരില്‍ ജയിച്ചാലും അവിടെ നില്‍ക്കില്ല. ആഴ്ചയില്‍ രണ്ടു തവണ എന്തിനാണ് വട്ടിയൂര്‍ക്കാവില്‍ മുരളീധരന്‍ പോകുന്നത് വടകരയിലെയും വട്ടിയൂര്‍ക്കാവിലെയും വോട്ടര്‍മാരെ മുരളീധരന്‍ പറ്റിച്ചു. ഇനി തൃശ്ശൂരിലെ വോട്ടര്‍മാരെയും മുരളീധരന്‍ പറ്റിക്കുമെന്നും പത്മജ വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

വടകരയില്‍ നിന്നും നിരവധി പ്രവര്‍ത്തകര്‍ തന്നെ വിളിച്ച് പിന്തുണ അറിയിക്കുന്നുണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ തൃശ്ശൂരില്‍ പ്രചാരണത്തിന് ഇറങ്ങും. തൃശ്ശൂരില്‍ പ്രചാരണത്തിന് ഇറങ്ങാന്‍ ഒരു മടിയുമില്ലെന്നും പത്മജ പറഞ്ഞു. കോണ്‍ഗ്രസില്‍ തന്നെ ഒറ്റപ്പെടുത്തി. കോണ്‍ഗ്രസില്‍ അച്ചടക്കം ഇല്ലാതായി. ഓരോ വ്യക്തികള്‍ക്കും ഗ്രൂപ്പാണ്. തനിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യം സൃഷ്ടിച്ചുവെന്നും പത്മജ കുറ്റപ്പെടുത്തി.

Top