കരുണ സംഗീതനിശ; പണമിടപാടില്‍ തട്ടിപ്പ് നടത്തിയിട്ടില്ല, ക്രൈംബ്രാഞ്ചിന്റെ ക്ലീന്‍ചിട്ട്

രുണ സംഗീതനിശയുടെ പണമിടപാടില്‍ ആഷിഖ് അബുവിനും സംഘത്തിനും ക്രൈംബ്രാഞ്ചിന്റെ ക്ലീന്‍ചിട്ട്. പണമിടപാടില്‍ തട്ടിപ്പ് നടത്തിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ കാലതാമസം വരുത്തിയതില്‍ സംഘാടകര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.

2019 നവംബര്‍ ഒന്നിനാണ് സംവിധായകന്‍ ആഷിഖ് അബു, ഭാര്യയും നടിയുമായ റിമ കല്ലിങ്കല്‍, സംഗീത സംവിധായകന്‍ ബിജിപാല്‍, ഷഹബാസ് അമന്‍ തുടങ്ങിയവര്‍ സംഗീത നിശ നടത്തിയത്. ഇവര്‍ നടത്തിയ സംഗീത നിശയില്‍ നിന്ന് ലഭിച്ച പണം പൂര്‍ണമായി ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയില്ലെന്നായിരുന്നു ആരോപണം. എന്നാല്‍, ക്രൈബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ സംഘാടകര്‍ തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് കണ്ടെത്തി.

സംഗീത നിശയില്‍ നല്‍കിയതില്‍ ഭൂരിഭാഗവും സൗജന്യ ടിക്കറ്റുകളായിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് അന്വേഷണ സംഘം ഉടന്‍ സമര്‍പ്പിക്കും. പരിപാടിയില്‍ 3978 പേര്‍ പങ്കെടുത്തതില്‍ 3070 പേര്‍ സൗജന്യമായാണ് സംഗീത നിശ കണ്ടതെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. 6,21,970 രൂപ മാത്രമാണ് ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിച്ചതെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. പരിപാടിയില്‍ സംഘാടകര്‍ക്ക് 21 ലക്ഷത്തോളം രൂപ ചെലവായതായി പറയുന്നു.

Top