കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ വിവാദം; തന്റെ പേര് വലിച്ചിഴക്കരുതെന്ന് കലക്ടര്‍

കൊച്ചി മ്യൂസിക് ഫൗണ്ടേഷനുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോപണങ്ങളില്‍ തന്നെയും തന്റെ പേരിനെയും വലിച്ചിഴക്കരുതെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്. ഫൗണ്ടേഷന്റെ ഭാരവാഹികളിലൊരാളായ സംഗീത സംവിധായകന്‍ ബിജിപാലിന് കത്തയച്ചാണ് കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

താന്‍ കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ലെന്നും തന്റെ പേര് രക്ഷാധികാരി എന്ന നിലയില്‍ ഉപയോഗിച്ചതായി ചില പത്ര മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളിലൂടെ മനസ്സിലായിയെന്നും കലക്ടര്‍ കത്തില്‍ പരാമര്‍ശിക്കുന്നു. തന്റെ പേര് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നു കലക്ടര്‍ വ്യക്തമാക്കി.

സംഗീത നിശ കഴിഞ്ഞ് മൂന്നുമാസം പിന്നിട്ടിട്ടും പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാത്തത് വലിയ വിവാദമായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 14 ആണ് സംവിധായകനായ ആഷിക്ക് അബു സംഭാവന നല്‍കിയതിന്റെ ചെക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന
തിയതി. അതായത് ആരോപണം ഉന്നയിക്കപ്പെട്ടതിന് ശേഷമാണ് ആഷിക് അബു 6.22 ലക്ഷം രൂപ ദുരിതാശ്വാധനിധിയിലേക്ക് കൈമാറിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ആഷിക് അബുവിനെതിരേ കടുത്ത വിമര്‍ശനം ഉയരുകയാണ്.

Top