karuna estate – vm sudheeran – ai group

തിരുവനന്തപുരം: കരുണ എസ്‌റ്റേറ്റ് വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിലപാടെടുത്ത കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനെതിരെ എഐ ഗ്രൂപ്പുകള്‍ എ.ഐ.സി.സിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി,സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനെ അറിയിക്കും.

സുധീരന്റെ നിലപാട് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണെന്ന് നേതാക്കള്‍ പറഞ്ഞു. സര്‍ക്കാരിനേയും പാര്‍ട്ടിയേയും ഏകോപിപ്പിച്ച് കൊണ്ടുപോകേണ്ട സുധീരന്‍, ഭിന്നതയുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കുന്ന സമയത്ത് പാര്‍ട്ടിയെ ഐക്യത്തോടെ നയിക്കണം എന്നാണ് എ.കെ.ആന്റണി നിര്‍ദ്ദേശിച്ചത്. എന്നാല്‍ സുധീരന്‍, പാര്‍ട്ടിയിലെ ഐക്യം തകര്‍ക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നത്.

സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായ നിലപാടെടുക്കുന്നതിലൂടെ സുധീരന്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് സര്‍ക്കാരിനെ അടിക്കാനുള്ള അവസരം ഒരുക്കി കൊടുക്കുകയാണ്. ഇത് അനുവദിക്കാനാവില്ല. മുന്പും സമാനമായ നിലപാടുകള്‍ സുധീരന്‍ സ്വീകരിച്ചിട്ടുണ്ടെന്നും നേതാക്കള്‍ പറയുന്നു.

കരുണ എസ്‌റ്റേറ്റിന് കരം അടയ്ക്കാന്‍ അനുമതി നല്‍കിയത് എന്തു കൊണ്ടാണെന്ന് മുഖ്യമന്ത്രി കെ.പി.സി.സി യോഗത്തില്‍ വിശദീകരിച്ചതാണ്. എന്നിട്ടും അത് മുഖവിലയ്ക്ക് എടുക്കാതെ സുധീരന്‍ തന്റെ നിലപാടുമായി മുന്നോട്ട് പോയെന്നും നേതാക്കള്‍ പറയുന്നു. അതേസമയം, തിരഞ്ഞെടുപ്പ് വേളയില്‍ പരസ്യപ്രസ്താവന നടത്തി കാര്യങ്ങള്‍ വഷളാക്കേണ്ടെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം.

Top