കരുണ്‍ നായരെ ഒഴിവാക്കിയതിന്റെ കാരണം വെളിപ്പെടുത്തി ചീഫ് സെലക്ടര്‍ പ്രസാദ്

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള ടീമില്‍ നിന്ന് കരുണ്‍ നായരെ ഒഴിവാക്കിയതിനെ കുറിച്ച് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ.പ്രസാദ്.

ടീമിലേക്ക് കരുണിനെ പരിഗണിക്കാത്തതിന്റെ കാരണം അദ്ദേഹത്തെ നേരിട്ട് വിളിച്ച് അറിയിച്ചിട്ടുണ്ടെന്നും, ടീമിലേക്ക് മടങ്ങിയെത്താന്‍ എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞിട്ടുണ്ടെന്നും പ്രസാദ് വ്യക്തമാക്കി.

ടീമില്‍ നിന്നും ഒഴിവാക്കിയതിന്റെ കാരണത്തെക്കുറിച്ച് ടീം മാനേജ്‌മെന്റ് സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ തന്നോട് സംസാരിച്ചിട്ടില്ലെന്ന് കരുണ്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ടീം അംഗങ്ങളുമായുളള ആശയവിനിമയത്തിന് സെലക്ഷന്‍ കമ്മിറ്റി വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും, മോശം വാര്‍ത്ത കളിക്കാരെ അറിയിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കളിക്കാര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ടീമില്‍നിന്നും അവരെ ഒഴിവാക്കാനുണ്ടായ വ്യക്തമായ കാരണം പറയണമെന്നും പ്രസാദ് പറഞ്ഞു.

ഇംഗ്ലണ്ട് പര്യടനത്തില്‍ കരുണിന് അവസരം നല്‍കാതിരുന്നതിനെ കുറിച്ച് തന്റെ സഹപ്രവര്‍ത്തകനായ ദേവാങ് ഗാന്ധി ഇംഗ്ലണ്ട് പര്യടനത്തിനിടെ കരുണുമായി സംസാരിച്ചുവെന്നും പ്രസാദ് പറഞ്ഞു. കരുണിനെ പ്രചോദിപ്പിക്കാനും തന്റെ അവസരത്തിനായി കാത്തിരിക്കാനുമായിരുന്നു ഇതെന്നും പ്രസാദ് വ്യക്തമാക്കി.

കരുണ്‍ നായര്‍ മികച്ച ടെസ്റ്റ് കളിക്കാരനാണ്. പക്ഷേ ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യ എ സീരീസിലും ശ്രദ്ധ വയ്ക്കാനാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

വിരേന്ദര്‍ സെവാഗിനുശേഷം ടെസ്റ്റില്‍ ട്രിപ്പില്‍ സെഞ്ചുറി നേടിയ ഏക ഇന്ത്യന്‍ താരമാണ് പാതി മലയാളി കൂടിയായ കരുണ്‍ നായര്‍.

Top