അഴിമതി കേസ് റദ്ദാക്കാനാവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം മദ്രാസ് ഹൈക്കോടതിയില്‍

KARTHI

ചെന്നൈ: എയര്‍സെല്‍ -മാക്‌സിസ് അഴിമതി കേസ് റദ്ദാക്കാനാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.

കേസില്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കാന്‍ സിബിഐക്ക് സാധിക്കാത്ത അവസരത്തില്‍ കേസ് റദ്ദാക്കാനാവശ്യപ്പെട്ടാണ് കാര്‍ത്തി കോടതിയെ സമീപിച്ചിരിക്കുന്നത്.

തനിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിലും പ്രാഥമിക അന്വേഷണം നടത്തിയതിലും വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് കാര്‍ത്തിയുടെ വാദം.

മെയ് 15നാണ് കാര്‍ത്തിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ തന്റെ വീട്ടില്‍ ഏജന്‍സി പരിശോധനയ്‌ക്കെത്തിയത് മെയ് 16നാണെന്നും കാര്‍ത്തി ചൂണ്ടിക്കാട്ടുന്നു. കേസ് തെളിയിക്കാന്‍ സാധിക്കാത്തതിന്റെ സമ്മര്‍ദ്ദമാണ് തന്നെ കേസില്‍ കുടുക്കാനും ഇടയാക്കിയതെന്നും കാര്‍ത്തി ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നു.

എയര്‍സെല്‍ മാക്‌സിസ് അഴിമതി കേസില്‍ പ്രതി ചേര്‍ത്തവര്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ല. കേസില്‍ പ്രതി ചേര്‍ത്ത മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരനടക്കമുള്ളവരെ കഴിഞ്ഞ ഫെബ്രുവരിയില്‍ സിബിഐ സ്‌പെഷ്യല്‍ കോടതി വിട്ടയച്ചിരുന്നു.

ചിദംബരം ധനമന്ത്രി ആയിരിക്കെ മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐഎന്‍എക്‌സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ കാര്‍ത്തി അനധികൃത ഇടപെടല്‍ നടത്തിയെന്നാണ് കേസ്. ഇതിലാണ് സിബിഐ അന്വേഷണം നടത്തിയത്. മൂന്ന് കോടി രൂപ കാര്‍ത്തി കോഴ വാങ്ങിയെന്നാണ് ആരോപണം.

വെള്ളിയാഴ്ച ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് നേരിട്ട് ഹാജരാകാന്‍ കാര്‍ത്തിയോട് ആവശ്യപ്പെട്ടിരുന്നു.നേരത്തേ, കാര്‍ത്തിയോടും കേസിലുള്‍പ്പെട്ട മറ്റ്‌ നാലു പേരോടും ജൂണ്‍ 27നും 29നും ഹാജരാകാന്‍ സിബിഐ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, കൂടുതല്‍ സമയം ആവശ്യമാണെന്നാണ് കാര്‍ത്തിയുടെ അഭിഭാഷകന്‍ പറഞ്ഞതിനെ തുടര്‍ന്ന്‌ വെള്ളിയാഴ്ച ഹാജരാകാന്‍ വീണ്ടും സമന്‍സ് അയക്കുകയായിരുന്നു.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ഗോപാല്‍ സുബ്രഹ്മണ്യമാണ് കാര്‍ത്തിക്ക് വേണ്ടി മദ്രാസ് ഹൈക്കോടതിയില്‍ ഹാജരാവുക.

Top