കാര്‍ത്തി ചിദംബരത്തിന് വിദേശ യാത്രയ്ക്ക് അനുമതി നല്‍കി സുപ്രീംകോടതി

ന്യൂഡല്‍ഹി : മുന്‍ കേന്ദ്രധനമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് വിദേശ യാത്രയ്ക്ക് അനുമതി നല്‍കി സുപ്രീംകോടതി. തിങ്കളാഴ്ചയാണ് യു എസ് എ, ഫ്രാന്‍സ്, യു കെ എന്നിവിടങ്ങളിലേക്ക് പോകാന്‍ കോടതി അനുവാദം നല്‍കിയത്. ബിസിനസ് ആവശ്യത്തിനായി ജൂലൈ 23 മുതല്‍ 31 വരെയാണ് സുപ്രീംകോടതി യാത്രാനുമതി നല്‍കിയിരിക്കുന്നത്.

ബിസിനസ് ആവശ്യത്തിനായി വിദേശത്തു പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കാര്‍ത്തി കോടതിയെ സമീപിക്കുകയായിരുന്നു. ഐ എന്‍ എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് കാര്‍ത്തിയും പിതാവ് ചിദംബരവും അന്വേഷണ ഏജന്‍സിയുടെയും സി ബി ഐ യുടെയും നിരീക്ഷണത്തിലാണ്.

2006ല്‍ പി. ചിദംബരം ധനമന്ത്രിയായിരിക്കെ വിദേശത്തുനിന്ന് 305 കോടി രൂപയുടെ ഫണ്ട് ലഭിക്കുന്നതിനായി മാധ്യമസ്ഥാപനമായ ഐ.എന്‍.എക്‌സ്. മീഡിയയ്ക്ക് വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി.) ക്ലിയറന്‍സ് നല്‍കുന്നതില്‍ ക്രമക്കേടു നടന്നതുമായി ബന്ധപ്പെട്ടാണു കേസ്.

കേസില്‍ ജൂലായ് മൂന്നുവരെ ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതില്‍നിന്ന് സി.ബി.ഐ.യെ ഡല്‍ഹി ഹൈക്കോടതി വിലക്കിയിരുന്നു. മേയ് 31 ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറ്റൊരു ദിവസം ഹാജരാകാമെന്ന് ചിദംബരം അറിയിക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഫണ്ട് സ്വീകരിച്ചതിന് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിംദംബരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഐഎന്‍എക്‌സ് മീഡിയ ഡയറക്ടര്‍ ഇന്ദ്രാണി മുഖര്‍ജി, അന്നത്തെ ഡയറക്ടര്‍ പീറ്റര്‍ മുഖര്‍ജി എന്നിവരാണ് മറ്റ് പ്രതികള്‍. കേസില്‍ കഴിഞ്ഞ വര്‍ഷം മേയ് 15നാണ് സി.ബി.ഐ. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.

Top