കാർത്തിയുടെ ‘സര്‍ദാറി’ന് രണ്ടാം ഭാഗം വരുന്നു

മികച്ച പ്രതികരങ്ങളോടെ കാര്‍ത്തി ചിത്രം ‘സര്‍ദാര്‍’ പ്രദര്‍ശനം തുടരുകയാണ്. സിനിമ ഹിറ്റായതോടെ സര്‍ദാറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള പ്രഖ്യാപനം. കാര്‍ത്തിയുടെ പൊലീസ് കഥാപാത്രം ഒരു ഏജന്റ് ആയി മാറുന്നതായിരിക്കും സര്‍ദാര്‍ രണ്ടാം ഭാഗമെന്നാണ് റിപ്പോര്‍ട്ട്. ഏജന്റിന്റെ ആദ്യ മിഷന്‍ നടക്കുന്നത് കംബോഡിയയില്‍ ആയിരിക്കും. സിനിമയുടെ ചിത്രീകരണവും മറ്റും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം, ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം നേടി കഴിഞ്ഞു. കാര്‍ത്തിയുടെ ബ്ലോക്ബസ്റ്റര്‍ ആകുകയാണ് ചിത്രം. പിഎസ് മിത്രനാണ് സര്‍ദാര്‍ സംവിധാനം ചെയ്യുന്നത്. ഇരുമ്പുതിരൈ , ഹീറോ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു സ്‌പൈ ആക്ഷന്‍ ചിത്രമാണ് സര്‍ദാര്‍. വ്യത്യസ്തമായ 15 ഗെറ്റപ്പുകളിലാണ് കാർത്തി സിനിമയിലെത്തുന്നത്.

രജിഷ വിജയന്‍, രാശി ഖന്ന എന്നിവരാണ് സിനിമയിലെ നായികമാര്‍. ജിവി പ്രകാശാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ജോര്‍ജ് സി വില്യംസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ലക്ഷ്മണ്‍ കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫോര്‍ച്യൂണ്‍ സിനിമാസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചത്.

 

Top