ഒരു ലക്ഷം; വൈദ്യുതി ബില്‍ കണ്ട് ഞെട്ടി നടി കാര്‍ത്തിക നായര്‍

കോവിഡും ലോക്ക്ഡൗണിനും പുറമെ ഉയരുന്ന വൈദ്യുതി ബില്ലിനെതിരെ നിരവധി പേരാണ് പ്രതിഷേധങ്ങളുമായി രംഗത്ത് വന്നത്. കഴിഞ്ഞ ദിവസം ഇതില്‍ പ്രതിഷേധിച്ച് ബോളിവുഡ് താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വൈദ്യുതി ബില്ലില്‍ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് കണ്ട് മലയാള നടി കാര്‍ത്തിക നായര്‍.

ആയിരങ്ങള്‍ ബില്‍ തുകയായി വന്നത് കണ്ട് പൊതുജനം അമ്പരന്നുവെങ്കില്‍ കാര്‍ത്തികയ്ക്ക് വന്ന ബില്‍ തുക കേട്ടാല്‍ ഷോക്ക് ആവും. ഒരു ലക്ഷത്തോളം രൂപയാണ് കാര്‍ത്തികയ്ക്ക് വന്ന വൈദ്യുതി ബില്‍. ട്വിറ്ററിലൂടെയാണ് കാര്‍ത്തിക ഈ വിവരം പങ്കുവെച്ചത്.

മുംബൈയിലെ വീട്ടിലേക്ക് അദാനി ഇലെക്ട്രിസിറ്റി മുംബൈയുടെ ബില്ലിലാണ് ഭീമമായ തുക ഉണ്ടായിരുന്നത്. ഇത് ഭക്ഷണം കഴിച്ച ഹോട്ടല്‍ ബില്ല് ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുവെന്നും, സ്വന്തം വീട്ടിലേക്കാണ് ഇത് വന്നതെന്നും പറഞ്ഞ കാര്‍ത്തിക തന്റെ അമ്പരപ്പ് മറച്ചുപിടിച്ചില്ല. മീറ്റര്‍ റീഡിങ് എടുക്കാതെയാണ് ബില്‍ നല്‍കിയതെന്ന് കാര്‍ത്തിക പരാതിപ്പെടുന്നു.

‘മുംബൈയില്‍ അദാനി ഇലക്ട്രിസിറ്റി എന്ത് അഴിമതിയാണ് നടത്തുന്നത്. ജൂണിലെ എന്റെ വൈദ്യുതി ബില്‍ ഒരു ലക്ഷം. അതും അവരുടെ കണക്കില്‍. എന്റെ മീറ്റര്‍ റീഡിങ് പോലും നോക്കിയിട്ടില്ല.’കാര്‍ത്തിക ട്വീറ്റ് ചെയ്തു

കാര്‍ത്തികയുടെ ട്വീറ്റിന് അദാനി ഇലക്ട്രിസിറ്റി മറുപടി നല്‍കുന്നുണ്ട്. അക്കൗണ്ട് നമ്പറും കോണ്‍ടാക്ട് വിവരങ്ങളും തങ്ങള്‍ക്ക് കൈമാറാന്‍ ഇവര്‍ നിര്‍ദ്ദേശിക്കുന്ന റിപ്ലൈ ട്വീറ്റില്‍ പറയുന്നു. ഇത്രയും തുക വന്നത് പരിശോധിക്കാമെന്നുള്ള ഉറപ്പുമുണ്ട്.

സിനിമയില്‍ നിന്നും ബിസിനസ്സിലേക്ക് തിരിഞ്ഞ കാര്‍ത്തിക ഇപ്പോള്‍ പ്രമുഖ ഹോട്ടല്‍ വ്യവസായ ഗ്രൂപ്പിന്റെ ഡയറക്ടറാണ്. മുന്‍കാല നടി രാധയുടെ മകളായ കാര്‍ത്തിക മലയാളത്തില്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. സംവിധായകന്‍ സന്തോഷ് ശിവനായിരുന്നു ഇതിലെ നായകന്‍. ശേഷം ‘കമ്മത്ത് ആന്‍ഡ് കമ്മത്ത്’ സിനിമയിലും നായികാ വേഷം ചെയ്തു. തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമായിരുന്നപ്പോഴാണ് കാര്‍ത്തിക വ്യവസായ രംഗത്തേക്ക് തിരിഞ്ഞത്.

Top