മകനില്‍ മാത്രമല്ല . . അഴിമതിയുടെ കണ്ണുകള്‍ ചിദംബരത്തിലും എത്തുമെന്ന് സ്വാമി . .

swami2

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ തട്ടിപ്പ് കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റ് പ്രതീക്ഷിച്ചതാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരാനുണ്ടെന്നും, അഴിമതിയുടെ കണ്ണുകള്‍ ചിദംബരത്തിലേക്കും നീളുമെന്നും സ്വാമി പറഞ്ഞു.

2007-ല്‍ ഐഎന്‍എക്‌സ് മീഡിയയിലേക്ക് 305 കോടിയുടെ വിദേശ നിക്ഷേപത്തിന് ചട്ടങ്ങള്‍ മറികടന്നെന്നാണ് കാര്‍ത്തി ചിദംബരത്തിനെതിരായ ആരോപണം. പി. ചിദംബരം കേന്ദ്ര ധനമന്ത്രിയായിരുന്ന കാലത്താണ് കാര്‍ത്തിക്കെതിരായ ആരോപണം ഉയര്‍ന്നത്.

കേസിന്റെ അന്വേഷണത്തിനിടെ നിരവധി വ്യാജ മൊഴികളാണ് കാര്‍ത്തി നല്‍കിയതെന്നു ബിജെപി നേതാവ് പറഞ്ഞു. അതിനാല്‍ കാര്‍ത്തിയുടെ അറസ്റ്റ് അല്ലാതെ മറ്റു വഴികള്‍ സിബിഐ സംഘത്തിന് മുന്നില്‍ ഇല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂറോപ്പില്‍ നിന്നും ചെന്നൈ വിമാനത്താവളത്തില്‍ തിരിച്ചെത്തിയ കാര്‍ത്തിയെ ഇന്ന് രാവിലെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. കാര്‍ത്തി ചിദംബരം ഐഎന്‍എക്‌സില്‍ നിന്നു കണ്‍സള്‍ട്ടേഷന്‍ ഫീസ് വാങ്ങിയതായും സിബിഐ കണ്ടെത്തിയിരുന്നു.

Top