അയ്യപ്പനും കോശിയുമായി കാര്‍ത്തിയും പാര്‍ഥിപനും

ലയാളത്തില്‍ തന്നെ സൂപ്പര്‍ഹിറ്റായി മാറിയ അയ്യപ്പനും കോശിയും തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. പൃഥ്വിരാജ്-ബിജു മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സച്ചി സംവിധാനം ചെയ്ത മലയാളം ചലച്ചിത്രമാണ് ‘അയ്യപ്പനും കോശിയും’. ചിത്രത്തിന്റെ തമിഴ് റീമേക്കിലേക്ക് പ്രധാന കഥാപാത്രങ്ങളായെത്തുന്നത് കാര്‍ത്തിയും പാര്‍ഥിപനുമാണെന്നാണ് നിലവിലെ സ്ഥിരീകരിച്ച റിപ്പോര്‍ട്ട് . അയ്യപ്പന്‍ നായരായി പാര്‍ഥിപനും കോശിയായി കാര്‍ത്തിയുമായിരിക്കും പ്രധാന വേഷങ്ങളിലെത്തുക. നേരത്തെ ശരത് കുമാറും ശശികുമാറുമാണ് ഈ റോളുകളിലേക്ക് എത്തുകയെന്ന് പ്രചരണം ഉണ്ടായിരുന്നു.

ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സിന്റെ കതിരേശനാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. ഈ വര്‍ഷാവസാനം ചിത്രീകരണം ആരംഭിക്കണമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷയെങ്കിലും കോവിഡ് പശ്ചാത്തലം കൂടി കണക്കിലെടുത്തു മാത്രമേ ഷെഡ്യൂള്‍ ആരംഭിക്കുകയുള്ളു. ഊട്ടിയും കൊടൈക്കനാലുമായിരിക്കും പ്രധാന ലൊക്കേഷനുകള്‍.

അന്തരിച്ച ചലച്ചിത്രകാരന്‍ സച്ചിയുടെ അവസാന ചിത്രമായിരുന്നു അയ്യപ്പനും കോശിയും. അയ്യപ്പന്‍ നായര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി ബിജു മേനോനും റിട്ട. ഹവില്‍ദാര്‍ കോശി കുര്യനായി പൃഥ്വിരാജും എത്തിയ ചിത്രം സാങ്കേതികപരമായും കഥാപരമായും മികച്ച ഒന്നായിരുന്നു.

Top