കര്‍ത്താര്‍പൂര്‍ ഇടനാഴി: ഇന്ത്യക്കാരുടെ വികാരം മാനിച്ചതിന് ഇമ്രാന്‍ ഖാനോട് നന്ദി പറഞ്ഞ് മോദി

പാകിസ്ഥാന്‍: ഇന്ത്യയുടെ വികാരം മാനിച്ചതിന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ത്താര്‍പൂര്‍ ഇടനാഴി ഇന്ത്യയിലെ സിഖ് തീര്‍ത്ഥാടകര്‍ക്കായി തുറന്നു കൊടുക്കുന്ന ചരിത്രനിമിഷത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ ഗുരു ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരസന്ദര്‍ശനം ഇനി സുഗമമാവും. കര്‍ത്താര്‍പുര്‍ ഇടനാഴിയിലെ സംയോജിത ചെക്ക്പോസ്റ്റ് ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് സേവനം നല്‍കുമെന്നും മോദി പറഞ്ഞു.

കര്‍ത്താര്‍പൂര്‍ ഇടനാഴിയിലേക്കുള്ള പ്രവേശനം സാധ്യമാക്കാന്‍ പരിശ്രമിച്ച പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെയും അകാലിദള്‍ നേതാവ് പ്രകാശ് സിംഗ് ബാദലിനെയും മോദി അഭിനന്ദിച്ചു.

ഗുരുനാനാക് ദേവിന്റെ 550-മത് ജന്മദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പ്രത്യേകം നാണയവും പ്രധാനമന്ത്രി പുറത്തിറക്കി.ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം, ജമ്മു കശ്മീരിലെ സിഖ് കുടുംബങ്ങള്‍ക്കും രാജ്യത്തുടനീളമുള്ള മറ്റ് സിഖുകാരെപ്പോലെ അവകാശങ്ങള്‍ വിനിയോഗിക്കാന്‍ കഴിയുമെന്നും മോദി പറഞ്ഞു.

സിഖ് മതവിശ്വാസികളുടെ വിശുദ്ധ പ്രദേശമാണ് കര്‍ത്താര്‍പൂര്‍ ഗുരുദ്വാര. പഞ്ചാബിലെ ഗുര്‍ദാസ്പുരിലെ ഗുരുനാനാക്ക് ദേരയെ പാകിസ്ഥാനിലെ കര്‍ത്താപൂര്‍ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നതാണ് കര്‍ത്താപൂര്‍ ഇടനാഴി.

Top