രാജസ്ഥാനിലെ ബിജെപിയുടെ പരാജയത്തിന് കാരണം പദ്മാവത് നിരോധിക്കാത്തത്: കര്‍ണി സേന

ജയ്പുര്‍: രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ പരാജയം സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവത് നിരോധിക്കാത്തതിനാലാണെന്ന് രജപുത് കര്‍ണിസേന.

രാജസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമാണ് ഭരണകക്ഷി ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നത്. പദ്മാവത് നിരോധിക്കാത്തതിനുള്ള പ്രതിഷേധമാണ് ജനുവരി 29 ന് ഉണ്ടായത്. അതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന് കര്‍ണിസേന നേതാവ് ലോകേന്ദ്ര സിംഗ് കാല്‍വി പറഞ്ഞു.

രാജസ്ഥാനിലെ ആള്‍വാര്‍, ആജ്മീര്‍ ലോക്‌സഭാ സീറ്റുകളും മണ്ഡല്‍ഗഡ് നിയമസഭാ സീറ്റുമാണ് ബിജെപിക്ക് നഷ്ടമായത്. മൂന്നിടത്തും വന്‍ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് ജയിച്ചു. ആള്‍വാറില്‍ കോണ്‍ഗ്രസിലെ കരണ്‍ സിംഗ് യാദവ് 84, 414 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു ബിജെപിയിലെ ജസ്വന്ത് യാദവിനെ തറ പറ്റിച്ചത്. ആജ്മീറില്‍ 84,335 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ രഘു ശര്‍മ ബിജെപിയിലെ രാം സ്വരൂപ് ലാംബയെ പരാജയപ്പെടുത്തി.മണ്ഡല്‍ഗഡ് നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിവേക് ധക്കാഡ് ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി.

Top